മണികണ്ഠൻ പട്ടാമ്പി
ഷൊർണൂരിനടുത്ത് പട്ടാമ്പി സ്വദേശിയാണ് മണികണ്ഠൻ. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം അദ്ദേഹം നാടക-സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2000 -ത്തിൽ നിർമ്മിച്ച മൺകോലങ്ങൾ ആണ് ആദ്യ സിനിമ. സിനിമ റിലീസായില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലാൽജോസിന്റെ മീശമാധവൻ എന്ന സിനിമയിൽ നായകന്റെ കൂട്ടുകാരൻ വേഷത്തിൽ മണികണ്ഠൻ പട്ടാമ്പി ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ക്ഷേത്രത്തിലെ വെടിവഴിപാട് അനൌൺസ് ചെയ്യുന്ന രംഗം (കൃഷ്ണവിലാസം ഭഗീരഥൻ പിള്ളാ...) പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചു. തുടർന്ന് ലാൽജോസിന്റെ പല സിനിമകളിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. രസികൻ സിനിമയിലെ കവി, അറബിക്കഥ -യിലെ റിബൽ സഖാവ്, അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ ബസ്സ് ക്ലീനർ. എം മോഹനന്റെ കഥ പറയുമ്പോൾ എന്ന സിനിമയിലെ രാഷ്ട്രീയക്കാരൻ, ലോഹിതദാസിന്റെ ചക്കരമുത്ത് -ലെ നായകന്റെ ചേട്ടൻ അങ്ങിനെ നിരവധി ശ്രദ്ധേയ വേഷങ്ങളുണ്ട്. സിദ്ധാർത്ഥിന്റെ നിദ്ര’ അരുൺകുമാറിന്റെ ഈ അടുത്ത കാലത്ത് സിനിമയിലെ ബ്രാഹ്മണൻ, ജോണി ആന്റണിയുടേ താപ്പാന -യിലെ പഞ്ചായത്ത് പ്രസിഡണ്ട്, ലിജിൻ ജോസിന്റെ ‘ഫ്രൈഡേ’ ഫ്രൈഡേ 11.11.11 ആലപ്പുഴ -യിലെ തട്ടിപ്പ് പാതിരിയൊക്കെ മണികണ്ഠന്റെ മികച്ച വേഷങ്ങളാണ്.
മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ‘മറിമായം’ എന്ന ആക്ഷേപ ഹാസ്യ സീരിയലിലെ സത്യശീലൻ എന്ന കഥാപാത്രവും സീരിയലും ഏറെ ശ്രദ്ധിക്കപ്പെട്ടു. മറിമായത്തിലെ പ്രകടനത്തിനു 2012 -ലെ മികച്ച കൊമേഡിയനുള്ള അവാർഡും മണികണ്ഠനു ലഭിച്ചു. വർഷങ്ങളായി മറിമായത്തിലെ സത്യശീലനായി അഭിനയിച്ച് ടെലിവിഷൻ പ്രേക്ഷകരുടെ പ്രീതി നേടിക്കൊണ്ടിരിക്കുകയാണ് മണികണ്ഠൻ പട്ടാമ്പി.


