എം ജി ശശി

M G Sasi
എം ജി ശശി
Date of Birth: 
ചൊവ്വ, 17 January, 1967
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 3
സംഭാഷണം: 2
തിരക്കഥ: 3

മലയാള ചലച്ചിത്ര സംവിധായകൻ, അഭിനേതാവ്, തിരക്കഥാ കൃത്ത്. 1967 ജനുവരി 17 ന് പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയിൽ ജനിച്ചു. പട്ടാമ്പി ഗവ്ണ്മെന്റ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. വയനാട്ടിൽ സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ ആദിവാസി വിദ്യാർത്ഥികൾക്കായി നടത്തുന്ന കനവ് എന്ന അനൗപചാരിക വിദ്യാഭ്യാസകേന്ദ്രത്തെക്കുറിച്ച് കനവുമലയിലേയ്ക്ക് എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. 

നിഴൽരൂപം, മഹാത്മാ അങ്ങയോട്, ഒളിച്ചേ കണ്ടേ, സ്നേഹ സമ്മാനം.. എന്നീ ഡോക്യൂമെന്റ്രികളും അദ്ദേഹം സംവിധാനം ചെയ്തു. 2007 ൽ സിനിമാ സംവിധായകനായി, അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന സിനിമ ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. മികച്ച കഥാ ചിത്രത്തിനുള്ള അവാർഡും "അടയാളങ്ങൾ" സ്വന്തമാക്കി. 2018 ൽ എം ജി ശശി ജാനകി എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു. ജാനകി എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.

എം ജി ശശി 1991 ൽ വേനൽക്കിനാവുകൾ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് സദയം, സൂസന്ന, ഋതു, അന്നയും റസൂലും..  എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ- 

മികച്ച വിദ്യാഭ്യാസ ചിത്രത്തിനു ദേശീയപുരസ്കാരം - കനവുമലയിലേക്ക്

മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം - കനവുമലയിലേക്ക്

ജോൺ എബ്രഹാം പുരസ്കാരം - കനവുമലയിലേക്ക്

2007-ലെ മികച്ച കഥാചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം - അടയാളങ്ങൾ

2007-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം - അടയാളങ്ങൾ

ദേശീയതലത്തിൽ പുതുമുഖസംവിധായകർക്കുള്ള അരവിന്ദൻ പുരസ്കാരത്തിൽ പ്രത്യേക പരാമർശം - അടയാളങ്ങൾ

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് അടയാളങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും മികച്ച ചിത്രത്തിനുള്ള നെറ്റ്വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ (Net pac) പുരസ്കാരം