കെ രാജഗോപാൽ
മലയാളസിനിമാ രംഗത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ക്ക് ചിത്രസംയോജനം നിര്‍വഹിച്ചതിന്റെ പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് കെ.രാജഗോപാല്‍. 80-കളില്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത 'തീരെ പ്രതീക്ഷിക്കാതെ' എന്ന ചിത്രം മുതല്‍, 200-ല്‍പ്പരം മലയാള ചിത്രങ്ങളുടെ ചിത്രസംയോജകനാണ് ഇദ്ദേഹം. സത്യന് അന്തിക്കാട്, കമല്‍ തുടങ്ങിയ സംവിധായകരുടെ ശ്രദ്ധേയമായ ഒട്ടുമിക്ക സിനിമകളുടെയും ചിത്രസംയോജകന്‍ കെ.രാജഗോപാലാണ്.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, അറബിക് ചിത്രങ്ങള്‍ക്കും എഡിറ്റിംഗ് ജോലി നിര്‍വഹിച്ചിട്ടുള്ള കെ.രാജഗോപാലിന്റെ ഒടുവിലത്തെ സത്യന് അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങള്‍' ആയിരുന്നു. സന്മനസുള്ളവര്ക്ക് സമാധാനം, പട്ടണപ്രവേശം, വരവേല്‍പ്പ്, മഴവില്‍ക്കാവടി, മഴയെത്തും മുന്‍പേ, ഉള്ളടക്കം, ഈ പുഴയും കടന്ന്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വിനോദയാത്ര, അയാള്‍ കഥയെഴുതുകയാണ്, രസതന്ത്രം, സെല്ലുലോയ്ഡ്, എന്നും എപ്പോഴും തുടങ്ങി വാണിജ്യവിജയം സമ്മാനിച്ച ഒട്ടനവധി ചിത്രങ്ങള്‍ക്കാണ് ഇദ്ദേഹം ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തിന് 2013-ലെ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മറ്റ് നിരവധി പുരസ്കാരങ്ങള്‍ എന്നിവ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്