രചന നാരായണൻകുട്ടി

Rachana Narayanankutti

സ്ക്കൂൾ കോളേജ് പഠനകാലത്ത് തന്നെ നൃത്ത-അഭിനയ മേഖലകളിൽ കഴിവു തെളിയിച്ച രചന നാരായണകുട്ടി,  2001ൽ എം ടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരിയായി ചെറിയ വേഷത്തിലൂടെ സിനിമയിലെത്തി.തുടർന്ന് 2002ൽ ‘കാലചക്രം’, 2003ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽകുത്ത്’ എന്നീ സിനിമകളിലും ചെറു വേഷങ്ങൾ ചെയ്തു. ‘റേഡിയോ മാംഗോ’ യിൽ ആർ. ജെ യായി ജോലി ചെയ്യുമ്പോഴാണ് മഴവിൽ മനോരമയിലെ ‘മറിമായം’ എന്ന സാമൂഹ്യ ആക്ഷേപ പരമ്പരയിൽ അഭിനയിക്കാൻ ക്ഷണമെത്തുന്നത്. ‘മറിമായം‘ സീരിയൽ രചനയെ ശ്രദ്ധേയയാക്കി. അതോടൊപ്പം മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ എന്ന കോമഡി റിയാലിറ്റി ഷോയിലെ അവതാരകയുമായിരുന്നു. ചാനലിലൂടെ കൈവന്ന പ്രസിദ്ധി രചനയെ 2013ൽ ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രമായ ‘ലക്കിസ്റ്റാർ’ലെ ജാനകി എന്ന നായികയാക്കി. തുടർന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടേ ‘ആമേനി’ലെ നായകന്റെ സഹോദരിവേഷമായ ‘ക്ലാര’യും രചന നാരായണൻക്കുട്ടിയെ മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രിയാക്കി.

‘മറിമായം’ ടീം ഒന്നിച്ച ‘വല്ലാത്ത പഹയൻ’ എന്ന സിനിമയിലെ സുമിത്ര എന്ന നായിക വേഷം, 101 ചോദ്യങ്ങളിലെ കഥാപാത്രം, പുണ്യാളൻ അഗർബത്തീസിലെ അഡ്വക്കേറ്റ്  എന്നീ വേഷങ്ങളിലൂടേയും ചാനലുകളിലെ കോമഡി ഷോയിലെ ജഡ്ജായും രചന നാരായണകുട്ടി സജ്ജീവമാകുന്നു.

തൃശൂർ സ്വദേശികളായ നാരായണൻ കുട്ടിയുടേയും നാരായണിയുടേയും മകളായി 1983 ൽ ജനനം. വടക്കാഞ്ചേരി ഗവ.ഗേൾസ് ഹൈസ്ക്കൂളിൽനിന്ന് സ്ക്കൂൾ വിദ്യാഭ്യാസവും ശ്രീ വ്യാസ എൻ എസ് എസ് കോളേജിൽനിന്നു ബിരുദവും പൂർത്തിയാക്കി. തൃശൂർ ദേവമാത സ്ക്കൂളിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറായിരുന്നു. സഹോദരൻ രജനീകാന്ത്.