കാന്താരി
പൂര്‍ണ്ണമായും കൊച്ചിയിലെ ജീവിതാവസ്‌ഥയെ അടിസ്‌ഥാനമാക്കിയുള്ള ചിത്രമാണ് കാന്താരി. കൊച്ചിയിലെ തെരുവിലുള്ള അഭിസാരികമാരായ പാലാരിവട്ടം പത്മാവതി, വൈപ്പിന്‍ രാധ, തമ്മനം മേരി എന്നിവർ എടുത്തുവളര്‍ത്തുന്ന പെണ്‍കുട്ടിയാണ് റാണി. തങ്ങളുടെ ചേരിയില്‍ നല്ല വിദ്യാഭ്യാസം നല്‍കി റാണിയെ വളര്‍ത്തുമ്പോള്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ റാണിയിലുണ്ടായിരുന്നു. ചേരിയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ആരെയും കൂസാത്ത തന്റേടിയായിരുന്നതുകൊണ്ടും 'കാന്താരി'യെന്ന ഓമനപ്പേരിലാണ് റാണി അറിയപ്പെട്ടത്. ഊള റോക്കിയാണ് റാണിയുടെ സന്തത സഹചാരി. കൊടീശ്വരനാണെങ്കിലും എല്ലുകള്‍ പൊടിയുന്ന അപൂര്‍വ്വമായ അസുഖത്തിന് അടിമപ്പെട്ടയാളാണ് അമീര്‍ ഹുസൈന്‍. ഒരിക്കലും രക്ഷപ്പെടുകയില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയിട്ടുമുണ്ട്. അയാളുടെ ജീവിതത്തിന്റെ ഭാഗമാണ് സുല്‍ത്താന. ഒരിക്കല്‍ അമീര്‍ ഹുസൈന്‍ റാണിയെ കാണാനിടയാകുന്നു. അയാളുടെ മനസില്‍ റാണിയോടുള്ള പ്രണയം നാമ്പിടുകയാണ്. ഇവിടെനിന്നാണ് 'കാന്താരി'യുടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ നീങ്ങുന്നത്.
റിംഗ് ടോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ അജ്മൽ സംവിധാനം ചെയ്ത ചിത്രമാണ് 'കാന്താരി'. രചന നാരായണൻകുട്ടിയാണ് കാന്താരിയായെത്തുന്നത്. നിർമ്മാണം ആർ പ്രഭു കുമാർ. ചിത്രത്തിൽ ശ്രീജിത്ത് രവി, ശേഖർ മേനോൻ, തലൈവാസൽ വിജയ്,സീനത്ത്,ശശി കലിംഗ,സുഭിക്ഷ തുടങ്ങിയവരും അഭിനയിക്കുന്നു.