മോളി കണ്ണമാലി
Molly Kannamaly
മലയാള ചലച്ചിത്ര നടി. 1963 ഓഗസ്റ്റ് 6 ന് കൊച്ചിയിൽ ജനിച്ചു. മോളി ജോസഫ് എന്നതായിരുന്നു യഥാർത്ഥ നാമം. ചവിട്ടുനാടക കലാകാരിയായാണ് മോളി കണ്ണമാലി തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2009 ൽ കേരള കഫേ എന്ന ആന്തോളജി സിനിമയിൽ ബ്രിഡ്ജ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മോളി സിനിമയിലേയ്ക്കെത്തുന്നത്. പിന്നീട് അൻവർ, ചാപ്പാകുരിശ്, പുതിയതീരങ്ങൾ, ചാർളി, അമർ അക്ബർ അന്തോണി എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ പുതിയതീരങ്ങളാണ് മോളി കണ്ണമാലി ശ്രദ്ധിയ്ക്കപ്പെട്ട ആദ്യ ചിത്രം.
ഏഷ്യാനെറ്റിൽ "സ്ത്രീധനം" എന്ന സീരിയലിലെ ചാളമേരി എന്ന കഥാപാത്രമാണ് മോളി കണ്ണമാലിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. 1999 ൽ കേരള സംഗീത നാടക അക്കാദമി അവാർഡിന് അവർ അർഹയായി.