ബൈജു വി കെ
തിരുവനന്തപുരം ജില്ലയിലെ കല്ലറ സ്വദേശി. അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങിയതാണ് വി കെ ബൈജുവിന്റെ കുടുംബം. പിതാവിന് സ്വന്തമായി ഒരു കശുവണ്ടി ഫാക്ടറി ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ ഉപജീവനമാർഗം.
പഠനശേഷം നിരവധി അമച്വർ നാടകങ്ങളുടെ ഭാഗമായി ഇദ്ദേഹം. പ്രശസ്ത സംവിധായകൻ കെ.കെ. രാജീവുമായുള്ള സൗഹൃദമാണ് ഇദ്ദേഹത്തെ അഭിനയത്തിലേക്ക് നയിച്ചത്. ഇദ്ദേഹത്തിന്റെ അളിയന് സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തെ മിനിസ്ക്രീനിലേക്കും നയിച്ചു. മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ സ്വഭാവ വേഷങ്ങൾ ചെയ്ത നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ബൈജു എന്ന പേരിൽ ഒരു നടൻ ഉള്ളത് കൊണ്ടാണ് ആശയക്കുഴപ്പം വരാതിരിക്കാൻ ഇദ്ദേഹം വി.കെ.ബൈജു എന്ന പേര് സ്വീകരിച്ചത്.
1997ൽ സുരേഷ് കൃഷ്ണൻ സംവിധാനം ചെയ്‌ത ഭാരതീയം എന്ന സുരേഷ് ഗോപി സിനിമയിൽ മധുപാലിന്റെ തീവ്രവാദിസംഘത്തിലെ അംഗമായി അഭിനയിച്ചാണ് സിനിമയിൽ കരിയർ ആരംഭിക്കുന്നത്. തുടർന്ന് സിനിമകളിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. അതോടെ സീരിയലുകളിൽ സജീവമായി. മിനിസ്ക്രീനിൽ തിളങ്ങിയതോടെ വീണ്ടും സിനിമകളിലേക്ക് വിളി വന്നു. 2000 ത്തിന് ശേഷം സത്യൻ അന്തിക്കാട് സിനിമകളിലെ ചെറുവേഷങ്ങളിലൂടെ ഇദ്ദേഹം വീണ്ടും സിനിമകളിൽ സജീവമായി. തുടർന്നങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചു.
ദൃശ്യം, മെമ്മറീസ്, ഭാഗ്യദേവത, കളേഴ്‌സ്, ദ്രോണ, സഖാവ്, അനാർക്കലി, എന്നും എപ്പോഴും തുടങ്ങി ഒരുപിടി സിനിമകളിൽ അഭിനയിച്ചു. പോലീസ് വേഷങ്ങളിൽ തിളങ്ങാൻ പ്രത്യേകമികവുള്ള ഈ നടൻ അഭിനയിച്ചതിൽ കൂടുതലും പോലീസ് വേഷങ്ങളാണ്. നോട്ട്ബുക്ക്, ബഡാദോസ്ത്, സെവൻത് ഡേ, രാജാധിരാജ, സു സു സുധി വാത്മീകം, സഖാവ്, ബോബി, മധുരരാജ, സോളമന്റെ തേനീച്ചകൾ, ഈശോ തുടങ്ങി നിരവധി സിനിമകളിൽ ഈ നടൻ പൊലീസ് വേഷത്തിൽ അഭിനയിച്ചു.
ലതികയാണ് ഭാര്യ. ഏക മകൾ കാവ്യ എയർലൈൻസിൽ ജോലി ചെയ്യുന്നു.


