കലാഭവൻ ഹനീഫ്

Kalabhavan Haneef

മലയാള ചലച്ചിത്ര നടൻ.  എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ചു. സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ ഹമീദ് മിമിക്രി ചെയ്തിരുന്നു.  വിദ്യാഭ്യാസത്തിനു ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.

1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ കലാഭവൻ ഹനീഫ് അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. "കോമഡിയും മിമിക്സും പിന്നെ ഞാനും" അടക്കം പല ടെലിവിഷൻഷോകളുടെ ഭാഗമായും ഹനീഫ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

കലാഭവൻ ഹനീഫിന്റെ ഭാര്യയുടെ പേര് വാഹിദ. രണ്ട് മക്കളാണ് അവർക്കുള്ളത്. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.