കെ പി ബ്രഹ്മാനന്ദൻ
തിരുവനന്തപുരം ജില്ലയില്‍ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22ന് പാച്ചന്റെയും ഭവാനിയുടെയും മകനായി ജനനം. 12 വയസ്സുമുതല്‍ കടയ്ക്കാവൂരിലെ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. കൊച്ച് കൃഷ്ണനാചാരിയും ഗുരുവായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. 1966ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടാന്‍ അവസരം ലഭിച്ചു. ദേശാഭിമാനിയുടെ "അഗ്നിപുത്രി" എന്ന നാടകത്തിലെ "അമരവധു രമണീ തിലോത്തമേ" എന്നതായിരുന്നു ആദ്യ ഗാനം.
1969ല്‍ "കള്ളിച്ചെല്ലമ്മ" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കെ രാഘവന്‍ ഈണം നല്‍കിയ "മാനത്തെ കായലില്‍" എന്ന ഗാനമാണ് ബ്രഹ്മാനന്ദന്‍ പാടിയ ആദ്യ ചലച്ചിത്രഗാനം. തുടര്‍ന്ന് 114ലോളം ചലച്ചിത്രങ്ങൾക്ക് വേണ്ടി പാടി. "മലയത്തിപ്പെണ്ണ്" എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പതിനെട്ടാം വയസ്സിൽ ആകാശവാണിയിലെ ലളിതഗാനത്തിലൂടെ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ കരസ്ഥമാക്കിയിരുന്നു.കെ.പി.ഉദയഭാനു നയിച്ചിരുന്ന ഓൾഡ് ഈസ് ഗോൾഡ് ലെ സ്ഥിരം ഗായകനായിരുന്നു..
വിവാഹിതനാണ്. രണ്ട് മക്കള്‍: രാകേഷ്, ആതിര. 2004 ആഗസ്ത് 10ന് അന്തരിച്ചു.