സഹീർ മുഹമ്മദ്
1969 ഡിസംബർ 25 ന് മുഹമ്മദ് റഷീദ് - ഫാത്തിമ ദമ്പതികളുടെ മകനായി ആലപ്പുഴയിൽ ജനിച്ചു. മുഹമ്മദൻസ് ആലപ്പുഴ, ഇലിപ്പക്കുളം GHS, മാവേലിക്കര എന്നിവിടങ്ങളിലെ സ്ക്കൂളുകളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കായംകുളം MSM കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. കോളേജ് കാലഘട്ടത്തിൽത്തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയ സഹീർ സിനിമയിലെത്തുന്നതിന് മുമ്പ് 7 വർഷത്തോളം പ്രൊഫഷണൽ നാടക നടനും മിമിക്രി കലാകാരനുമായിരുന്നു. 1996 ൽ ഫാസിലിന്റെ അനിയത്തിപ്രാവിൽ അസിസ്റ്റൻറ് ഡയറക്ടറായി ചേരാൻ അവസരം വന്നെങ്കിലും ഷൂട്ട് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ആ അവസരം നഷ്ടപ്പെടുകയും ചെയ്തു. ആ ചിത്രത്തിന്റെ പ്രധാന സഹസംവിധായകൻതന്നെ ഛായാഗ്രഹകനായ ആനന്ദക്കുട്ടനെ പരിചയപ്പെടുത്തുകയും തുടർന്ന് ആനന്ദക്കുട്ടന്റെ അസിസ്റ്റന്റായി സിനിമയിൽ തുടക്കമിടുകയുമായിരുന്നു.
അനിയത്തിപ്രാവ്, ദി കാർ, സുന്ദരകില്ലാഡി, പഞ്ചാബി ഹൗസ്, ഉസ്താദ്, വിസ്മയത്തുമ്പത്ത് എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകൾക്കും കാതലുക്ക് മര്യാദൈ, കണ്ണുക്കുൾ നിലാ, ഫ്രണ്ട്സ്(തമിഴ്), എങ്കൾ അണ്ണ, ഒരു നാൾ കനവ് എന്നീ തമിഴ് സിനിമകൾക്കും ഏകദേശം 9 വർഷക്കാലം ആനന്ദക്കുട്ടനോടൊപ്പം അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ചു. വർഷം 16 എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൻ്റെ ഫിലിം റെപ്രസെൻ്റേറ്റീവ് ആയി തമിഴ്നാട്ടിലും കേരളത്തിലും സഹീർ മുഹമ്മദ് ജോലി ചെയ്തിരുന്നു. ചില ചിത്രങ്ങളിൽ (ഫീച്ചർ & ഷോർട് ) ചില കഥാപാത്രങ്ങൾക്കു വേണ്ടി ശബ്ദം കൊടുത്തിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടു പ്രവാസലോകത്ത് കുറേക്കാലം ജോലി നോക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചെത്തുകയും കലാപ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.
കോവിഡ് 19 ൻ്റെ വീർപ്പുമുട്ടലിനിടയിൽ "ഇത് കളിയല്ല" എന്ന രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഒരു കൊച്ചു സിനിമ എഴുതി സംവിധാനം ചെയ്തു. ഇതിനിടയിൽ ചില ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയെഴുതിക്കൊടുത്തിരുന്നു. "ശിഷ്ടം" എന്ന ഒരു കൊച്ചു സിനിമ എഴുതി സംവിധാനം ചെയ്തു. അതിന് പലയിടത്തു നിന്നും മികച്ച സംവിധായകനുള്ള പുരസ്കാരങ്ങൾ (മികച്ച നടൻ, നടി, ഛായാഗ്രഹകൻ, മികച്ച രണ്ടാമത്തെ ചിത്രം എന്നിവ വേറെയും) കിട്ടി.
അഭിനേതാവ് കൂടിയായ സഹീർ ആന്റ് ദി ഓസ്ക്കാർ ഗോസ് ടു, ആദ്യരാത്രി, ഒരു ഹലാൽ ലൗ സ്റ്റോറി എന്നിവയൂൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചു.
സഹീർ മുഹമ്മദിന്റെ ഭാര്യ സാറ, മകൾ സറീന, മകൻ: ഇമ്രാൻ അഹമ്മദ്.