മിനി ഐ ജി
1976 ആഗസ്റ്റ് 23 ന് തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഗോപിനാഥൻ നായരുടെയും ഇന്ദിരയുടെയും മകളായി ജനിച്ചു. അച്ഛൻ ജോയിന്റ് സെക്രട്ടറിയായിരുന്നു, അമ്മ ഒരു ഗായികയും.പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്ത് തന്നെ മിനി നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം മിനി തൃശ്ശുർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ ഒരുവർഷം പഠിച്ചു. തുടർന്ന് ഡൽഹി നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് നാടകരംഗത്ത് പ്രൊഫഷണലായി പ്രവർത്തിച്ച് തുടങ്ങി.
ഇരുപത്തിയഞ്ച് വർഷത്തോളമായി നാടകരംഗത്ത് പ്രവർത്തിയ്ക്കുന്ന മിനി അഞ്ചോളം നാടകങ്ങൾ എഴുതുകയും, ഇരുപത്തിയഞ്ചോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും, അത്രതന്നെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ ലാൽജോസിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേക്കെത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ എന്ന സിനിമയിൽ പി ബാലചന്ദ്രന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. റോസാപ്പൂ, മൂത്തോൻ, രണ്ടു പേർ ചുംബിക്കുമ്പോൾ എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2010 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ ചാൾസ് വാലസ് അവാർഡ് ലഭിച്ചു. തുടർന്ന് മിനി ലണ്ടനിലെ സെന്റ്രൽ ഫെയിം ആർട്ടിംഗ്സിൽ പെർഫോമൻസ് ഡിസൈനർ പ്രാക്ടീസിൽ മാസ്റ്റർ ബിരുദം നേടി. പഠനത്തിനുശേഷം അവിടെ ഒരു സ്പാനിഷ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു. മിനി ഐ ജിക്ക് സെന്റ്രൽ ഗവണ്മെന്റിന്റെ ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. തെയ്യം തിറ എന്നിവയുടെ ചമയത്തിന്റെ പഠനത്തിനും, ഐ റ്റി മോഡലിംഗ് എന്ന സബ്ജക്ടിനും ആയിരുന്നു ഫെലോഷിപ്പുകൾ. ഡിവോഴ്സ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്ര സിനിമാ സംവിധായികയുമായി.
മിനിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ