എ കെ വിനോദ്

AK Vinod
AK vinod
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

കേരളത്തിലെ അറിയപ്പെടുന്ന പരസ്യ സംവിധായകരിൽ ഒരാളായ ഏകെ വിനോദ്, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് അപ്പുക്കുട്ടൻ തങ്കമണി ദമ്പതികളുടെ മകനായി ജനിച്ചു. 

തൻ്റെ ആദ്യ ചിത്രമായ മൂൺവാക്കിൻ്റെ കഥാപരിസരമായ, തിരുവനന്തപുരം ജില്ലയിലെ, കഴക്കൂട്ടത്ത്  പുത്തൻ തോപ്പിനടുത്തുള്ള പുതുക്കുറുച്ചിയിലെ ഔർ ലേഡീ ഓഫ് മേർസി കോൺവെൻ്റ് സ്കൂളിലും പിന്നെ ഹൈസ്കൂൾ പഠനത്തിനായി തിരുവന്തപുരം മോഡൽ സ്കൂളിലും ചേർന്നു. അതിനു ശേഷം തിരുവനന്തപുരത്തു തന്നെ ആർട്ട്സ് കോളേജിൽ തുടർന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ളീഷ് ലിറ്ററേച്ചറിൽ ബിരുദം എടുത്തു.

തിരുവനന്തപുരത്ത് തന്നെ ചില സ്ഥാപനങ്ങളിൽ സെയിൽസ് & മാർക്കറ്റിംഗ് ആയിരുന്നു ആദ്യ തൊഴിൽ മേഖല. അതിനു ശേഷം ജലീറ്റ അഡ്വർടൈസിംഗിൽ ക്ളൈൻ്റ് സർവീസിങ്ങിലും, പിന്നാലെ ക്രിസാലിസ് കമ്യൂണിക്കേഷൻസിൽ ക്ളൈൻ്റ് സർവീസിങ്ങിലും ക്രിയേറ്റിവ് കിഭാഗത്തിലും വർക്ക് ചെയ്തു.

2004ൽ സ്വന്തമായി അഡ്വർറ്റൈസിംഗ് ഫിലിം പ്രൊഡക്ഷൻ കമ്പനി (Virtual Eye Films) തുടങ്ങി. കേരളത്തിലും മുംബൈയിലുമായി 350 ഓളം പരസ്യങ്ങൾ സംവിധാനം ചെയ്തു. മലയാള മനോരമ, ഇന്ദുലേഖ, പാരഗൺ, കിച്ചൺ ട്രഷേർസ്, നെരോലാക്ക് പെയിൻ്റ്സ്,  ജെ എസ് ഡബ്ള്യു സിമൻ്റ്സ്, ആക്സിസ് ബാങ്ക്, സീ കേരളം, ജോസ് ആലുക്കാസ്, ഡബിൾ ഹോഴ്സ് തുടങ്ങി ഒട്ടനവധി ബ്രാൻ്റുകൾക്ക് വേണ്ടി വളരെ ശ്രദ്ധേയമായ പരസ്യങ്ങൾ ഏ കെ വിനോദ് സംവിധാനം ചെയ്തിട്ടുണ്ട്.

തൻ്റെ പ്രി ഡിഗ്രി കാലത്ത് നാട്ടിലുണ്ടായിരുന്ന പല കൂട്ടുകാരും ബ്രേക്ക് ഡാൻസേർസ് ആയിരുന്നു. അന്നത്തെ മൈക്കിൾ ജാക്സൻ ഹരം ഉൾക്കൊണ്ട് നടന്ന അവരൊക്കെയാണ് ഇന്ന് മൂൺവാക്ക് എന്ന സിനിമ സംവിധാനം ചെയ്യാൻ വിനോദിനു പ്രചോദനം ആയത്. തനിക്ക് അറിയാവുന്ന കഥാപാത്രങ്ങളും, നാടും കാലവും അതിലൂടെ വരച്ചിടാൻ ഉള്ള ഒരു ശ്രമം ആണ് ആദ്യ ചിത്രമായ മൂൺവാക്ക്.  

ഭാര്യ ജാൻസി, മകൾ കൃഷ്ണശ്രീ, മകൻ അവിഘ്ന ജെൻവിൻ എന്നിവർക്കൊപ്പം കൊച്ചിയിൽ ജീവിക്കുന്നു.