ജി ശ്രീറാം

G Sreeram
ശ്രീറാം ഗോപാലൻ നായർ
സംഗീതം നല്കിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 13

സംഗീതജ്ഞനായിരുന്ന ചേർത്തല ഗോപാലൻ നായരുടെയും പിന്നണി ഗായികയായിരുന്ന ലളിത തമ്പിയുടെയും മകൻ. മോഡൽ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. പിൽക്കാലത്ത് ഏറെ പ്രശസ്തനായ സംവിധായകൻ ടി കെ രാജീവ്കുമാറും തിരുവനന്തപുരത്തെ മറ്റ് സുഹൃത്തുക്കളുമൊത്ത് മിമിക്രി വേദികളിലും ഗാനമേള വേദികളിലും സഹകരിച്ചിരുന്നു. ജി ശ്രീറാം എന്ന ശ്രീറാം ഗോപാലൻ നായർ ഓൾ ഇന്ത്യാ റേഡിയോയിൽ കഴിഞ്ഞ ഇരുപത്തി രണ്ട്  വർഷമായി പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്നു. മുപ്പത് വർഷത്തിലേറെയായി ഗാനരംഗത്ത് സജീവമാണ്. തരംഗിണിയുടെ നിരവധി കാസറ്റുകൾക്ക് വേണ്ടി ട്രാക്ക് പാടുകയും ജനപ്രിയമായ അനേകം ഗാനങ്ങൾക്ക് കോറസ് ആലപിക്കുകയും ചെയ്തു. കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള പഴയ മലയാള ഗാനങ്ങൾ/ഓൾഡ് ഈസ് ഗോൾഡ്  എന്ന സംഗീത ട്രൂപ്പിൽ സംഗീത രംഗത്തെ മുൻനിരഗായകരോടൊത്ത് പാടിയ പരിചയമാണ് സെല്ലുലോയിഡിൽ “ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ” എന്ന ഗാനം മനോഹരമായി ആലപിക്കാൻ ശ്രീറാമിന് തുണയായത്. മലയാള സിനിമയുടെ പിതാവായ ജെ സി ദാനിയേലിന്റെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന “സെല്ലുലോയിഡ്” എന്ന ചിത്രത്തിൽ ശ്രീറാമും വൈക്കം വിജയലക്ഷ്മിയും ചേർന്ന് ആലപിച്ച "കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ" എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി. 

അദ്ദേഹത്തിന്റെ മകൾ കാഞ്ചന ശ്രീറാം ചിത്രക്കുഴൽ, കവിയുടെ ഒസ്യത്ത് എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

അവലംബം : ഹിന്ദു ന്യൂസ്