പറഞ്ഞത് കുറ്റം

പറഞ്ഞതാണ് കുറ്റം...
നീ.. അറിഞ്ഞതാണ് കുറ്റം
പലരും കൊതിക്കുന്ന
നിൻ പ്രേമ പുഷ്പത്തെ
പലവുരു ചോദിച്ചതെന്റെ കുറ്റം...

എൻ വശ്യവദനത്തിൻ മായക ഭാവത്തെ
കവിതയായ് കണ്ടതുമെന്റെ കുറ്റം
പുഞ്ചിരിപ്പിണരൊളി ചുണ്ടത്തു കണ്ടപ്പോൾ
എന്തിനോ വെമ്പിയതെന്റെ കുറ്റം..
എന്തിനോ വെമ്പിയതെന്റെ കുറ്റം..

അനുവാദമില്ലാതെ സ്വപ്‌നങ്ങൾ കണ്ടതും
അനുരാഗമാല ഞാൻ അറിയാതെ കോർത്തതും
അതിമോഹമാണതെന്നോർക്കാതെ പോയതും
അതിഹീനമായി ഞാൻ ചെയ്തകുറ്റം.

ഒന്നല്ല നമ്മുടെ പാതകൾ
ഒന്നല്ല നമ്മുടെ പാതകൾ എന്നു നീ
ചൊന്നത് കേൾക്കാഞ്ഞതെന്റെ കുറ്റം
പിരിയുകനാമിനീ ....
പിരിയുകനാമിനി എന്ന നിൻ വാക്കിന്റെ
പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം...
പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം...

തീ.. വെയിൽ പാറുന്ന ജീവിത വീഥിയിൽ
നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ
തണലായിത്തീരുവാൻ ആശിച്ച ഞാൻ നിന്റെ

 നിഴലായിത്തീർന്നതും എന്റെ കുറ്റം
നിഴലായിത്തീർന്നതും എന്റെ കുറ്റം.

പറഞ്ഞതാണ് കുറ്റം
നീ അറിഞ്ഞതാണ് കുറ്റം
പലരും കൊതിക്കുന്ന
നിൻ പ്രേമ പുഷ്പത്തെ
പലവുരു ചോദിച്ചതെന്റെ കുറ്റം.

പറയാതിരുന്നെങ്കിൽ
എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ
അകലാതിരുന്നേനേ
നീയെന്റെ മാറിൽ.. ഈ അഴലിന്റെ പൂമാല
ചാർത്താതിരുന്നേനേ.
നിൻ ഹാസരാഗപ്രസാദം ചൊരിഞ്ഞെന്റെ
ഇരുളിന്റെ മാറാല നീക്കിയേനേ
ഇരുളിന്റെ മാറാല നീക്കിയേനേ...

(ഒരിക്കൽ എന്നോടു നീ  പറഞ്ഞു, 'പ്രണയിക്കുന്നവർ ഘടികാരത്തിലെ സൂചിക്കാലുകളെപ്പോലെയാണെന്ന്.
തമ്മിലകന്നാലും അവർ പിന്നെയും ഒന്നുചേരുമെന്ന്.'
എങ്കിലും വിരഹത്തിന്റെ കടലാസ്സിൽ ഞാൻ ഇതുകൂടി കുറിക്കുന്നു.)

അകന്നുപോം.. നിൻ
ചിറകടിനാദം കേട്ടെൻ കരളുരുകി
കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ്
അലിഞ്ഞടിഞ്ഞു നിൻ
ഓർമാവശേഷമാം അന്ത:പുരത്തിലീവിധം.
ഇവിടെ ഈ നഗരത്തിൽ  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Paranjathu Kuttam