ധർമ്മജൻ ബോൾഗാട്ടി

Dharmajan Bolgatty

മലയാള ചലച്ചിത്രനടൻ, മിമിക്രിതാരം.  കുമാരൻ - മാധവി ദമ്പതികളുടെ മകനായി കൊച്ചിയിലെ മുളവുകാട് എന്ന സ്ഥലത്ത് ജനിച്ചു. മുളവുകാട് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  മിമിക്രിയിലൂടെയായിരുന്നു ധർമ്മജന്റെ തുടക്കം. നിരവധി വേദികളിൽ സ്കിറ്റുകൾ അവതരിപ്പിച്ചു. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ  രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേൾസ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകനായതോടെയാണ് ധർമ്മജൻ ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. പിന്നീട്  ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലെ പ്രധാന താരമായി മുകേഷിനോടും പിഷാരടിയോടുമൊപ്പം ധർമ്മജൻ നിറഞ്ഞു നിന്നു. 

ധർമ്മജന്റെ സിനിമയിലേയ്ക്കുള്ള പ്രവേശനം 2008-ൽ ആണ്ടവൻ എന്ന ചിത്രത്തിലൂടെയാണ്. രണ്ടാമത്തെ സിനിമ 2010-ൽ ഇറങ്ങിയ പാപ്പി അപ്പച്ചാ ആയിരുന്നു. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ്  തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ ധർമ്മജൻ വലിയ ജനപ്രീതി നേടി. അദ്ദേഹം അഭിനയിച്ച വേഷങ്ങളെല്ലാം ഹാസ്യപ്രധാനങ്ങളായിരുന്നു. നിത്യ ഹരിത നായകൻ, സർവ്വകലാശാല എന്നീ സിനിമകളിൽ ധർമ്മജൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ധർമ്മജൻ നിത്യ ഹരിത നായകൻ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സിനിമാ നിർമ്മാണ മേഖലയിലേയ്ക്കും പ്രവേശിച്ചു. സിനിമാഭിനയം കൂടാതെ ഒരു ബിസിനസ്സുകാരൻ കൂടിയാണ് ധർമ്മജൻ. അദ്ദേഹം കൊച്ചിയിൽ "ധർമ്മൂസ് ഫിഷ് ഹബ്ബ്" എന്ന മത്സ്യവിപണന കട നടത്തുന്നുണ്ട്.  

ധർമ്മജന്റെ ഭാര്യയുടെ പേര് അനുജ. രണ്ടു പെൺകുട്ടികളാണ് അവർക്കുള്ളത്. വേദ, വൈഗ.