അപർണ രാജീവ്

Aparna Rajeev
Aparna Rajeev-Singer
അപർണ്ണ രാജീവ്
ആലപിച്ച ഗാനങ്ങൾ: 18

ചലച്ചിത്ര പിന്നണി ഗായിക.  ഒ എൻ വി കുറുപ്പിന്റെ മകൻ വി രാജീവന്റെ മകളാണു അപർണ. ഏഴാം വയസ്സുമുതൽ കർണ്ണാടകസംഗീത പഠനം തുടങ്ങിയ അപർണ്ണയുടെ ആദ്യകാല ഗുരുക്കൻമാർ ഓമനക്കുട്ടി ടീച്ചർ, ആലപ്പുഴ ശ്രീകുമാർ തുടങ്ങിയവരായിരുന്നു. വർക്കല ജയറാം, ബിന്നി കൃഷ്ണകുമാർ എന്നിവരായിരുന്നു പിന്നീട് അപർണയുടെ ഗുരുക്കന്മാരായത്. കർണ്ണാടക സംഗീതത്തിനൊപ്പം, അബദ്രുധ ബാനർജിയുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതപഠനവും ആരംഭിച്ചു. പന്ത്രണ്ടാംവയസ്സിൽ കർണ്ണാട്ടിക് സംഗീതത്തിനുള്ള നാഷണൽ ടാലന്റ് സ്കോളർഷിപ്പ് അപർണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതത്തിൽ മാത്രമല്ല നൃത്തം, ഗിറ്റാർ തുടങ്ങിയവയിലും അപർണ്ണ കഴിവു തെളിയിച്ചിട്ടുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് യുവജനോത്സ്വങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിലെ വോയ്സ് ഓഫ് ദ വീക്ക് എന്ന സംഗീത റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു. പിന്നീട് കൈരളി ഗന്ധർവ സംഗീതത്തിൽ അവതാരികയായി.

"മെയ്ഡിൻ യു എസ് എ എന്ന ചിത്രത്തിനുവേണ്ടിയാണ് അപർണ ആദ്യമായി പാടുന്നത്. വിദ്യാസാഗർ സംഗീതം നൽകിയ "പുന്നെല്ലിൻ കതിരോല..എന്ന ഗാനമായിരുന്നു പാടിയത്. അതിനുശേഷം മിഴികൾ സാക്ഷി- എന്ന സിനിമയിലെ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ "മഞ്ജുതര.. എന്ന ഗാനം ആലപിച്ചു. അപർണ ശ്രദ്ധിയ്ക്കപ്പെട്ട ഗാനമായിരുന്നു "മഞ്ജുതര.. തുടർന്ന് നിരവധി സിനിമകളിൽ അപർണ്ണ പാട്ടുകൾ പാടി. ഫിലിം ക്രിട്ടിക്സ് അവാർഡുൾപ്പടെ പല അവാർഡുകൾ അപർണയെ തേടിയെത്തി. ധാരാളം സ്റ്റേജ് ഷോകൾ ചെയ്യാറുണ്ട് അപർണ. കെ പി എസി നാടകങ്ങൾക്ക് വേണ്ടി അർജ്ജുൻ മാഷുടെ സംഗീതത്തിൽ അപർണയ്ക്ക് പാടുവാനുള്ള ഭാഗ്യമുണ്ടായി. ആർ ശരത് സംവിധാനം ചെയ്ത പുരാനിയെ ധുൻ എന്ന ഷോർട്ട് ഫിലിമിൽ ഗ്രാമി അവാർഡ് ജേതാവായ വിശ്വമോഹൻ ഭട്ട് സംഗീത സംവിധാനം നിർവഹിച്ച ഗസൽ ആലപിയ്ക്കുവാൻ അപർണയ്ക്ക് സാധിച്ചു. സംഗീതമാണ് തന്റെ വഴിയെന്നുറപ്പിച്ച അപർണ സംഗീതത്തിനായി മുഴുവൻ സമയവും സമർപ്പിച്ചിരിയ്ക്കുകയാണ്.

അപർണയുടെ ഭർത്താവ് സിദ്ധാർഥ്. മകൻ ഗൗതം.