അപർണ്ണ ബാലമുരളി
മികച്ച നടിയ്ക്കുള്ള 2020 -ലെ ദേശീയ പുരസ്ക്കാരം നേടിയ നടിയാണ് അപർണ്ണ ബാലമുരളി.
തൃശൂർ സ്വദേശിനി. ബാലമുരളിയുടെയും ശോഭയുടെയും മകളായി 1995 സെപ്റ്റംബർ 11ന് ജനനം. ദേവമാതാ സി എം ഐ പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓർ ആർക്കിടെക്ചറിൽ ആർക്കിടെക്ചറൽ എഞ്ചിനീയറിംഗ് കരസ്ഥമാക്കി.കലാമണ്ഡലം സീമ, കലാമണ്ഡലം ഹുസ്നബാനു, കലാക്ഷേത്ര ഷഫീകുദ്ദീൻ എന്നിവരിൽ നിന്ന് നൃത്തം അഭ്യസിച്ചു. കുച്ചിപ്പുടി, ഭരതനാട്യം , ലളിത സംഗീതം എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്നു. ‘ഇന്നലെയേത്തേടി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പ്രൊഫഷണൽ അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ നായികയായി വേഷമിട്ടു. യാത്ര തുടരുന്നു എന്ന ചിത്രത്തിൽ ഇർഷാദിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകളായി വേഷമിട്ടു കൊണ്ടാണ് അപർണ മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും അഭിനയിച്ചു. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. നിരവധി അവസരങ്ങളാണ് അപർണ്ണക്ക് പിന്നീട് ലഭ്യമായത്. ഒടുവിൽ തമിഴ് സിനിമയിലെ മെഗാതാരമായ സൂര്യയുടെ നായികയായി "സൂരൈ പോട്ര്" എന്ന സിനിമയിൽ നായകനോളം പ്രധാനമുള്ള നായികാ കഥാപാത്രമായി ആരാധക പ്രശംസ നേടി. ഇതേ സിനിമയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
സിനിമാ രംഗത്ത് ബന്ധമുള്ള അപർണയുടെ അമ്മാവൻ സുന്ദർ മേനോനാണ് അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ നിർമ്മാതാവ്. അപർണയുടെ അച്ഛനും അമ്മയും പ്രൊഫഷണൽ സംഗീതരംഗത്ത് പ്രവർത്തിക്കുന്നവരാണ്. 2009ൽ പുറത്തിറങ്ങിയ യേശുദാസ് തരംഗിണി ആൽബത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് ഗായകനും സംഗീത സംവിധായകനുമായ അച്ഛൻ ബാലമുരളിയാണ്. നിരവധി വേദികളിൽ പ്രൊഫഷണലായി ഗാനങ്ങൾ അവതരിപ്പിക്കുന്ന സംഗീതജ്ഞയായ അമ്മ ശോഭ ബാലമുരളി ഔദ്യോഗിക രംഗത്ത് അഡ്വക്കേറ്റായി പ്രവർത്തിക്കുന്നു.