വിമ്മി മറിയം ജോർജ്ജ്

Vimmy Mariam George

(ഡബ്ബിങ്ങ് ആർട്ടിസ്റ്റ്-ഗായിക). കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയായ ജോർജ്ജ് സക്കറിയയുടേയും ആനി ജോർജ്ജിന്റേയും മകളാണ്. കോട്ടയം മൌണ്ട് കാർമ്മൽ സ്ക്കൂൾ, കോട്ടയം ബി സി എം കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

രഞ്ജിത്ത് സംവിധാനം ചെയത് 2007ൽ റിലീസായ “കയ്യൊപ്പ് “ എന്ന സിനിമയിലാണ് ആദ്യമായി സിനിമക്ക് വേണ്ടി ശബ്ദം കൊടുക്കുന്നത്. ആ സിനിമയിൽ ഖുശ്ബു അവതരിപ്പിച്ച പദ്മ എന്ന കഥാപാത്രത്തിനു വേണ്ടി ശബ്ദം നൽകിയത് 2006ലെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് വിമ്മി മറിയം ജോർജ്ജിനു നേടിക്കൊടുത്തു.

യുവജനോത്സവവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന വിമ്മി കോളേജ്കാലംമുതൽ നിരവധിറേഡിയോ പരസ്യങ്ങൾക്ക് ശബ്ദം നൽകുകയും, ഏകദേശം ഇരുന്നൂറോളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടുകയും മൂന്ന് ഡിവോഷണൽ ആൽബങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചുകാലം  ദുബായിൽ യു എ ക്യൂ (U A Q) റേഡിയോ മലയാളം എഫ് എമ്മിൽ ആർ ജെ (RJ) ആയിരുന്നു. വിവാഹശേഷം നാട്ടിലെത്തിയതോടെയാണ് സിനിമാ ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2006 അവസാനം മുതൽ കഴിഞ്ഞ ആറു വർഷമായി വിമ്മി മലയാള സിനിമാ ഡബ്ബിങ്ങ് രംഗത്ത് സജീവമാണ്. സിനിമാ ഡബ്ബിങ്ങിനൊപ്പം ചില ടി വി പരസ്യങ്ങൾക്കും ശബ്ദം നൽകുന്നുണ്ട്. 150-ൽ അധികം ചിത്രങ്ങൾക്ക് വിമ്മി ശബ്ദം പകർന്നിട്ടുണ്ട്. പ്രേക്ഷകരുടെയും സിനിമാനിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിയ ഒട്ടനവധികഥാപാത്രങ്ങൾക്ക് ശബ്ദം നൽകാൻ വിമ്മിക്ക് കഴിഞ്ഞിട്ടുണ്ട്. ഈചുരുങ്ങിയ കാലത്തിനിടയിൽ ഒരുപാട് അംഗീകാരങ്ങളും വിമ്മിയെ തേടിയെത്തി.

ഭർത്താവ് ജോർജ്ജ് ചാണ്ടി, മകൾ മാളവിക(2 വയസ്സ്) യോടുമൊപ്പം ചെന്നെയിൽ താമസം.

ശബ്ദം നൽകിയ അഭിനേതാക്കളും ചിത്രങ്ങളും :-
ഖുശ്ബു - കയ്യൊപ്പ്  | പ്രിയാമണി - തിരക്കഥ, പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്  | രമ്യാ കൃഷ്ണൻ - ഒരേ കടൽ | സ്വർണ്ണമാല്യ - കേരളാ പോലീസ് | ആൻ അഗസ്റ്റിൻ - എത്സമ്മ എന്ന ആൺകുട്ടി & അർജ്ജുനൻ സാക്ഷി  |  മംമ്ത മോഹൻദാസ് - പാസഞ്ചർ  |  ലക്ഷ്മീ ഗോപാലസ്വാമി - തനിയെ  |  ഗ്രേസി സിങ്ങ് - ലൌഡ് സ്പീക്കർ  |  സമീറാ റെഡ്ഡി - ഒരു നാൾ വരും |  ലക്ഷ്മീ റായ് - റോക്ക് ൻ റോൾ, ഇവിടം സ്വർഗ്ഗമാണ് & കാസനോവ  |  കനിഹ - ഭാഗ്യദേവത  |  ശ്വേതാ മേനോൻ - രതിനിർവ്വേദം  |  ഭാവന - സാഗർ ഏലിയാസ് ജാക്കി & അറബീം ഒട്ടകോം പി മാധവൻ നായരും  |  കാർത്തിക - മകരമഞ്ഞ്  |  പദ്മപ്രിയ - സ്നേഹവീട്  |  ഭൂമിക - ഭ്രമരം  |  റീമാ കല്ലിങ്കൽ - നിദ്ര  |  തനുശ്രീ - ഈ അടുത്ത കാലത്ത്

അവാർഡുകൾ :-
സംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് - കയ്യൊപ്പ് -പദ്മ (ഖുശ്ബു) 2006

ഫിലിം ക്രിട്ടിക്സ് അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് - തിരക്കഥ - മാളവിക (പ്രിയാമണി) 2008

ആനുവൽ മലയാളം മൂവി അവാർഡ് (അമ്മ) - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് - പാസഞ്ചർ & ഭാഗ്യദേവത - മംത മോഹന്ദാസ് & കനിഹ 2009