ഉർവശി

Urvashi

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1969 ജനുവരി 25ന് തിരുവനന്തപുരത്ത് ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. കവിത രഞ്ജിനി എന്നായിരുന്നു യഥാർത്ഥ നാമം. നാലു സഹോദരങ്ങളാണ് ഉർവശിയ്ക്കുള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽറോയ്, പ്രിൻസ്. നാലു സഹോദരങ്ങളും സിനിമാതാരങ്ങളാണ്. ഉർവശിയുടെ പ്രാഥമിക വിദ്യാഭ്യാസം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരത്തായിരുന്നു. നാലാം ക്ലാസിനുശേഷം കോർപ്പറേഷൻ ഹയർസെക്കന്ററി സ്കൂൾ കോടമ്പാക്കത്തിലേയ്ക്ക് മാറി. ഒൻപതാം തരത്തിൽ പഠിയ്ക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസംമാറ്റി. അപ്പാഴേയ്ക്കും സിനിമയിൽ തിരക്കായതിനാൽ ഉർവശിയ്ക്ക് തന്റെ പഠനം തുടരാനായില്ല.

ഉർവശി തന്റെ എട്ടാംവയസ്സിലാണ് അഭിനയമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1978 ൽ റിലീസ് ചെയ്ത മലയാളചലച്ചിത്രം വിടരുന്നമൊട്ടുകൾ ആയിരുന്നു അദ്യ ചിത്രം. സഹോദരി കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡന്റായി ദ്വിഗ് വിജയം എന്ന സിനിമയിലും അഭിനയിച്ചു. നിനവുകൾ മറൈവതില്ലൈ എന്ന തമിഴ് ചിത്രത്തിലും ഉർവശി ബാലനടിയായി അഭിനയിച്ചു, പക്ഷേ ആ ചിത്രം റിലീസായില്ല.

ഉർവശി തന്റെ പതിമൂന്നാമത്തെവയസ്സിലാണ് നായികയാവുന്നത്. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന ചിത്രത്തിൽ. 1983 ൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റിലീസ് വൈകി 1986 ലാണ് പുറത്തിറങ്ങിയത്. നായികയായി റിലീസ് ആയ ആദ്യചിത്രം 1983 ൽ റിലീസ്ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത "മുന്താണൈ മുടിച്ച്" ആയിരുന്നു. വൻ വിജയമായ മുന്താണൈ മുടിച്ച് ഉർവശിയുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ  ആണ് ഉർവശി നായികയായ ആദ്യ മലയാള സിനിമ. 1985 - 95 കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു അവർ. 500ൽ അധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ് എന്നിവകൂടാതെ തെലുങ്കു,കന്നഡ,ഹിന്ദി സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി മാത്രമല്ല കഥാകൃത്തും കൂടിയാണ് ഉർവശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവശി എഴുതിയതാണ്. പിടക്കോഴികൂവുന്ന നൂറ്റാണ്ടിന്റെ നിർമ്മാതാവു കൂടിയാണ്.

അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.

2006 ൽ മികച്ച സഹനടിയ്ക്കുള്ള അവാർഡ് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയ്ക്കു ലഭിച്ചു.

പ്രശസ്ത ചലച്ചിത്ര നടൻ മനോജ് കെ ജയനെയാണ് ഉർവശി വിവാഹം ചെയ്തത്. 2000 ത്തിൽ ആയിരുന്നു വിവാഹം. 2008 ൽ അവർ വിവാഹമോചിതരായി. ആ ബന്ധത്തിൽ ഒരു മകളുണ്ട്. പേര് തേജാലക്ഷ്മി. 2013 ൽ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതിൽ ഒരു മകനുണ്ട്, പേര് ഇഷാൻ പ്രജാപതി. സിനിമയ്ക്കു പുറമേ ഉർവ്വശി ടെലിവിഷൻ ഷോകളിലും, സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്.