സുദീപ് പാലനാട്

Sudeep Palanad
സംഗീതം നല്കിയ ഗാനങ്ങൾ: 13
ആലപിച്ച ഗാനങ്ങൾ: 8

മലയാള സ്വതന്ത്ര സംഗീത ശാഖയിലെ പ്രധാനപെട്ട സൃഷ്ടികളില്‍ പെടുന്ന ബാലെ, ചാരുലത തുടങ്ങിയവയുടെ സംഗീത സംവിധായകനും ഗായകനും എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച സംഗീതജ്ഞനാണ് സുദീപ് പാലനാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയായ സുദീപ് പ്രശസ്ത കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്റെ മകനാണ്. 1991-ല്‍ സഹോദരി ദീപ പാലനാടിനൊപ്പമാണ് കഥകളിപദം പാടി അരങ്ങേറ്റം കുറിച്ചത്. ഗുരു അച്ഛന്‍ പാലനാട് ദിവാകരന്‍ തന്നെയാണ്. ഫ്യൂഷനും കഥകളിസംഗീതവുമാണ് സുദീപിന്റെ ഇഷ്ടമേഖല. വെള്ളിനേഴി സുബ്രഹ്മണ്യന്റെയും പുന്നപ്പുഴ രാമനാഥന്റെയും കീഴിലാണ് കര്‍ണാടകസംഗീതം അഭ്യസിച്ചത്.

അമൃത വിദ്യാപീഠത്തില്‍ നിന്നും വിഷ്വല്‍ മീഡിയ സ്റ്റഡീസ് ആന്‍ഡ് സൗണ്ട് എഞ്ചിനീയറിംഗ് പൂര്‍ത്തിയായ ശേഷം സുദീപ് അമൃത ടിവി ചാനലില്‍ സൗണ്ട് എഞ്ചിനിയര്‍ ആയാണ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുന്നത്. അമൃത ചാനലില്‍ വന്ന 'സ്റ്റാര്‍ സിങ്ങര്‍' എന്ന സംഗീത റിയാലിറ്റി ഷോയുടെ ഭാഗമായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയെ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം സിനിമയില്‍ അവസരം തേടാന്‍ ചെന്നൈയിലേക്ക് പോവുകയും ചെയ്തു. അവിടെവെച്ചു സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ അസിസ്റ്റന്റ്‌ ആയി പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിക്കുകയും ഒന്നര വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുകയും ചെയ്തു.

അപ്പോത്തിക്കിരിയിലെ 'ഈറന്‍ കണ്ണിലോ' ആലപിച്ചുകൊണ്ട് മലയാള ചലച്ചിത്രഗാനരംഗത്തേയ്ക്ക് ചുവടുവച്ചു. സുഹൃത്തും സംഗീതസംവിധായകനുമായ ഷെയ്ഖ് ഇല്ലാഹിയുടെ അപ്പോത്തിക്കിരി എന്ന സിനിമയ്ക്കു ട്രാക്ക് പാടിയതായിരുന്നു സുദീപ്. സുരേഷ് ഗോപി ആലപിക്കാനിരുന്നതായിരുന്നു ഈ ഗാനം. പിന്നീട് സുരേഷ് ഗോപി തന്നെ സുദീപിന്റെ പാട്ടുമതി ഈ സിനിമയിലെന്നു അഭിപ്രായപ്പെട്ടു. 'ഷെയ്ഖിന്റെ വീട്ടിലെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത റീടേക്ക് ഇല്ലാതെയെടുത്ത ട്രാക്ക് അങ്ങനെതന്നെ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു.

2015ല്‍ കരി എന്ന ചിത്രത്തിലെ ഗാനത്തിന് സംഗീതം പകര്‍ന്നുകൊണ്ട് സംഗീത സംവിധായകന്‍റെ വേഷം അണിഞ്ഞ സുദീപിന് തൊട്ടു പുറകെ വന്ന ശിഖാമണി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുപാട് പ്രശംസ നേടിക്കൊടുത്തു.

അകന്ന ബന്ധുവും സുഹൃത്തുമായ ശ്രുതി നമ്പൂതിരിയ്ക്ക് ഒപ്പം സാമൂഹിക ഉത്തരവാദിത്തം സംഗീതത്തിലൂടെ നിറവേറ്റുന്ന സന്നദ്ധ സംഘടന വേള്‍ഡ് മ്യൂസിക്‌ ഫെസ്റ്റിവല്‍ (WMF) രൂപീകരിച്ചു. അതിന്‍റെ ബാനറില്‍ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ബോധി സൈലന്റ് സ്കേപ്പുമായി ചേര്‍ന്ന് സ്ത്രീ ശാക്തീകരണത്തിലൂന്നി ആദ്യ വീഡിയോ ഗാനശില്‍പ്പം 'ബാലെ' ചെയ്തു. ശ്രുതി നമ്പൂതിരി ഗാനരചനയും സംവിധാനവും നിര്‍വഹിച്ചു, സുദീപ് പാലനാടിന്റെ സംഗീതത്തിലും ശബ്ദത്തിലും പുറത്ത് വന്ന ബാലെ വന്‍ ജനപ്രീതി പിടിച്ചുപറ്റി. പിന്നാലെ വന്ന ചാരുലതയും വന്‍ വിജയമായി.

സംഗീതജ്ഞന്‍ എന്നതിന്‍റെ കൂടെ സൗണ്ട് എന്‍ജിനീയര്‍ കൂടിയാണ് സുദീപ്. കൊച്ചിയില്‍ സൈലന്‍സ് ആന്‍ഡ് ക്രിയേറ്റീവ് എന്ന സ്റ്റുഡിയോയുമുണ്ട് ഇദ്ദേഹത്തിന്. പുറത്തിറങ്ങാനിരിക്കുന്ന അവിചാരിത, ലസാഗു ഉസാഗ എന്നീ സിനിമകള്‍ക്കു വേണ്ടി സംഗീതസംവിധായകന്റെ കുപ്പായമണിഞ്ഞു സുദീപ്. ജിനേഷ് ആന്റണി സംഗീതം നല്കുന്ന രണ്ടു തമിഴ്‌സിനിമയിലെ ഗാനങ്ങളും ഷെയ്ഖ് ഇല്ലാഹിയുടെ അടുത്തസിനിമയുമാണ് സുദീപിന്റെ പുതിയ പ്രൊജക്ടുകള്‍. അച്ഛനെയും ചേച്ചിയേയും കൂടാതെ അമ്മ സുധാ അന്തര്‍ജനവും ഭാര്യ സിനിയും മകന്‍ ദേവസൂര്യ എന്നിവരടങ്ങുന്നതാണ് സുദീപിന്റെ കുടുംബം.