Sudeep Palanad

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയായ സുദീപ് പ്രശസ്ത കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്റെ മകനാണ്. 1991-ല്‍ സഹോദരി ദീപ പാലനാടിനൊപ്പമാണ് കഥകളിപദം പാടി അരങ്ങേറ്റം കുറിച്ചത്. ഗുരു അച്ഛന്‍ പാലനാട് ദിവാകരന്‍ തന്നെയാണ്. അപ്പോത്തിക്കിരിയിലെ 'ഈറന്‍ കണ്ണിലോ' ആലപിച്ചുകൊണ്ട് മലയാള ചലച്ചിത്രഗാനരംഗത്തേയ്ക്ക് ചുവടുവച്ചു. സുഹൃത്തും സംഗീതസംവിധായകനുമായ ഷെയ്ഖ് ഇല്ലാഹിയുടെ അപ്പോത്തിക്കിരി എന്ന സിനിമയ്ക്കു ട്രാക്ക് പാടിയതായിരുന്നു സുദീപ്. സുരേഷ് ഗോപി ആലപിക്കാനിരുന്നതായിരുന്നു ഈ ഗാനം. പിന്നീട് സുരേഷ് ഗോപി തന്നെ സുദീപിന്റെ പാട്ടുമതി ഈ സിനിമയിലെന്നു അഭിപ്രായപ്പെട്ടു. 'ഷെയ്ഖിന്റെ വീട്ടിലെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത റീടേക്ക് ഇല്ലാതെയെടുത്ത ട്രാക്ക് അങ്ങനെതന്നെ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു. കര്‍ണാട്ടിക്കും ഫ്യൂഷനും കഥകളിസംഗീതവുമാണ് സുദീപിന്റെ ഇഷ്ടമേഖല. വെള്ളിനേഴി സുബ്രഹ്മണ്യന്റെയും പുന്നപ്പുഴ രാമനാഥന്റെയും കീഴിലാണ് കര്‍ണാടകസംഗീതം അഭ്യസിച്ചത്. ഗായകനെന്നതിലുപരി സൗണ്ട് എന്‍ജിനീയര്‍ കൂടിയാണ് സുദീപ്. കൊച്ചിയില്‍ സൈലന്‍സ് ആന്‍ഡ് ക്രിയേറ്റീവ് എന്ന സ്റ്റുഡിയോയുമുണ്ട് ഇദ്ദേഹത്തിന്. ഔസേപ്പച്ചനാണ് ഈ രംഗത്തെ ഗുരു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ഏറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന അവിചാരിത, ലസാഗു ഉസാഗ എന്നീ സിനിമകള്‍ക്കു വേണ്ടി സംഗീതസംവിധായകന്റെ കുപ്പായമണിഞ്ഞു സുദീപ്. ജിനേഷ് ആന്റണി സംഗീതം നല്കുന്ന രണ്ടു തമിഴ്‌സിനിമയിലെ ഗാനങ്ങളും ഷെയ്ഖ് ഇല്ലാഹിയുടെ അടുത്തസിനിമയുമാണ് സുദീപിന്റെ പുതിയ പ്രൊജക്ടുകള്‍. അച്ഛനെയും ചേച്ചിയേയും കൂടാതെ അമ്മ സുധാ അന്തര്‍ജനവും ഭാര്യ സിനിയുമടങ്ങുന്നതാണ് സുദീപിന്റെ കുടുംബം