ശ്രുതി ശിവദാസ്

Sruthi Sivadas
Date of Birth: 
Wednesday, 20 November, 1996
ആലപിച്ച ഗാനങ്ങൾ: 3

1996 നവംബർ 20 ന് ശിവദാസിന്റെയും ബിന്ദുവിന്റേയും മൂത്ത മകളായി തൃശൂരിൽ ആണ് ശ്രുതി ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം ഖത്തറിൽ ആയിരുന്നു. കുറേക്കാലം ഗൾഫിൽ ആയിരുന്നത് കൊണ്ട് തന്നെ അറബിക്കിലും മറ്റു വിദേശ ഭാഷകളിലും പാട്ട് പഠിക്കാനും പാടുവാനും ശ്രുതിക്ക് സാധിച്ചു. ഖത്തറിൽ റേഡിയോ സുനോ നടത്തിയ ഗോൾഡൻ മൈക്ക് വിജയി ആവുന്നതോടു കൂടെ ആണ് ശ്രുതി ശ്രദ്ധിക്കപ്പെടുന്നത്. ആ പരിപാടിയുടെ ജഡ്ജ്‌ജ് ആയ ഷാൻ റഹ്മാൻ തന്റെ സംഗീത സംവിധാനത്തിൽ പുറത്തു വന്ന ഒരു അഡാർ ലവ് എന്ന സിനിമയിൽ പാടുവാൻ അവസരം നൽകി. ബി കെ ഹരിനാരായണൻ രചിച്ച തനനനന പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ശ്രുതി ആ ചിത്രത്തിൽ പാടിയത്. പിന്നീട് പാടുന്നത് 2021ൽ പുറത്തിറങ്ങിയ ഗാർഡിയൻ എന്ന ചിത്രത്തിൽ ആയിരുന്നു. അതിലെ സാവരിയ എന്ന് തുടങ്ങുന്ന ഗാനം നജീം അർഷാദിനൊപ്പം ആലപിച്ചത്  ശ്രദ്ധിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമായി സിനിമകൾക്കും കുറേയധികം ആൽബങ്ങൾക്കും ശ്രുതി ഇതിനോടകം പാടിക്കഴിഞ്ഞു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ശ്രുതിയുടെ ഗുരുക്കന്മാർ വൈക്കം ജയചന്ദ്രൻ, മാങ്ങാട് നടേശൻ എന്നിവരായിരുന്നു. കുറച്ചു നാൾ കലാഭവനിലും ശ്രുതി സംഗീതം അഭ്യസിച്ചു. ഇപ്പോൾ നികിത എന്ന ഗുരുവിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.
സ്കൂൾ പഠനശേഷം നാട്ടിൽ തിരിച്ചെത്തിയ ശ്രുതി തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ആർക്കിടെക്ടറിൽ ബിരുദം നേടി. ശ്രുതിയുടെ അച്ഛനും അമ്മയും ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അനിയത്തി ഡിഗ്രി വിദ്യാർത്ഥിനിയാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ    

ഇൻസ്റ്റാഗ്രാം