കെ എസ് ചിത്ര

K S Chithra
Date of Birth: 
Saturday, 27 July, 1963
ചിത്ര
ആലപിച്ച ഗാനങ്ങൾ: 2,112

ഗായിക-ചലച്ചിത്ര പിന്നണിഗാനരംഗത്ത് ദേശീയാസാന്നിധ്യമുറപ്പിച്ച ഗായിക.

ഇന്ത്യയിലെ പലഭാഷകളിലായി നിരവധി ഗാനങ്ങളാലപിച്ച് മലയാളക്കരക്ക് അഭിമാനമായി മാറിയ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയുടെ വാനമ്പാടി. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്ത് ജനിച്ചു.  പിതാവ് കൃഷ്ണന്‍നായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ.കെ ഓമനക്കുട്ടിയുടെ കീഴില്‍ കർണാടക സംഗീതം അഭ്യസിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം. ജി. രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടി 1979ൽ ആണു ചിത്ര  ആദ്യമായി മലയാള സിനിമയിൽ പാടുന്നത്. ഒരു വർഷത്തിനു ശേഷമാണു ആ ചിത്രം പുറത്തിറങ്ങിയത്. 

എം. ജി രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ  പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരുന്ധതിയുമൊത്ത് പാടിയ അരികിലോ അകലെയോ എന്നതാണു ചിത്രയുടെതായി പുറത്തിറങ്ങിയ ആദ്യ സിനിമാ ഗാനം.ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ  രജനീ പറയൂ,  പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളാണ് ചിത്രയെന്ന ഗായികയെ തുടർന്ന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. 

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ 'ആളൊരുങ്ങി, അരങ്ങൊരുങ്ങി എന്ന ഗാനമാണു ചിത്രയെ ആദ്യകാലങ്ങളിൽ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാക്കിയത്. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ  കണ്ണോടു കണ്ണായ, ആരാന്റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. 

പിന്നണിഗായികയ്ക്കുള്ള ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ്  ചിത്ര. മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 16 തവണയാണ്. 1985- 95 കാലത്ത് ചിത്ര മാത്രമാണ് ഈ പുരസ്കാരത്തിന് അര്‍ഹയായതും.

നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങള്‍ പലവട്ടം നേടിയ ഏക ഗായികയും ചിത്ര ആണ്. ഏഴു തവണ ആന്ധ്രപ്രദേശ് സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയ്ക്ക് സമ്മാനിച്ചു. 1997 ല്‍ കലൈമാമണി പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചത്. 2005 ല്‍ പദ്മശ്രീയും 2021ൽ പത്മഭൂഷണും ലഭിച്ചു. 

1987 ൽ എൻജിനീയറായ വിജയശങ്കറെ വിവാഹം കഴിച്ചു. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകൾ നന്ദന 2011 ലെ വിഷുദിനത്തിൽ ദുബായിൽ ഒരു സംഗീത പരിപാടിക്കിടെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. തുടർന്ന് സംഗീതരംഗത്തു നിന്നും കുറേ നാളുകൾ അകന്ന് നിന്ന ചിത്ര സഹപ്രവർത്തകരുടെ നിർബന്ധം മൂലം വീണ്ടും സംഗീതരംഗത്തേക്ക് മടങ്ങി വന്നു.

ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.