ജോ പോൾ
എറണാകുളം സ്വദേശി. പി പി പോളിന്റെയും ബേബി പോളിന്റെയും മകനായി ജനിച്ചത് തൃശൂരിലെ കുന്നംകുളത്ത്. ജോ പോളിന്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. കാരിക്കാമുറി സെന്റ് ജോസെഫ്സ് യു. പി. സ്കൂൾ, പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂൾ, എറണാകുളം സെന്റ് ആൽബെർട്സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വെള്ളാനിക്കര കോളജ് ഓഫ് ഹോർട്ടികൾച്ചറിൽ നിന്ന് കാർഷിക പഠനത്തിൽ ബിരുദവും, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ടയിൽ നിന്ന് ഹോർട്ടികൾച്ചറൽ സയൻസിൽ ബിരുദാനന്തര ബിരുദവും ജോ പോൾ നേടിയിട്ടുണ്ട്.
ചെറുപ്പം മുതൽക്കേ സംഗീതത്തിൽ താല്പര്യം കാണിച്ചിരുന്ന ജോ പോൾ സ്കൂൾ യുവജനോത്സവങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ഹൈസ്കൂൾ മുതലാണ് കവിതകൾ എഴുതിത്തുടങ്ങിയത്. 2000-ൽ 'ക്രൂശിതരൂപം' എന്ന ക്രിസ്തീയ ഭക്തിഗാനമെഴുതി സംഗീതം ചെയ്തതാണ് പ്രഫഷണൽ രംഗത്തെ കാൽവെപ്പ്. തുടർന്ന് ചില ഭക്തിഗാന ആൽബങ്ങൾക്ക് ഗാനങ്ങളെഴുതി, സംഗീതം നൽകി, ആലപിച്ചിട്ടുണ്ട്. 2015- ൽ റാസ്പ്പുടിൻ, യൂ ടൂ ബ്രൂട്ടസ് എന്നീ സിനിമകൾക്ക് ഗാനങ്ങൾ എഴുതിക്കൊണ്ടാണ് ജോ പോൾ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെക്കുന്നത്. 2018 ൽ ക്വീൻ എന്ന സിനിമയിൽ എഴുതിയ ഗാനങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് പത്തോളം സിനിമകൾക്ക് ഗാനരചന നടത്തി.
ജോ പോളിന്റെ ഭാര്യ ധന്യ ജോൺ. രണ്ട് മക്കൾ - സാമുവേൽ, ഐസേയ.
ജോയുടെ ഇമെയിൽ വിലാസമിവിടെയുണ്ട് | വെബ് പേജിവിടെയുണ്ട് | ഫേസ്ബുക്ക് പ്രൊഫൈലിതാണ് | ഇൻസ്റ്റഗ്രാം പേജ്