ടി ദാമോദരൻ
1935 സെപ്തംബർ 15 ന് കോഴിക്കോട് ചോയിക്കുട്ടിയുടേയും മാളുവിന്റെയും മകനായി ബേപ്പൂരു ജനനം. മീഞ്ചന്ത എലിമെന്ററി സ്കൂള്‍, ബേപ്പൂര്‍ ഹൈസ്കൂള്‍, ചാലപ്പുറം ഗണപത് സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ഗുരുവായൂരപ്പന് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും പഠനം മുഴുമിപ്പിക്കാനായില്ല. തുടർന്ന് ഫാറൂഖ് കോളജിൽ ചേർന്നുവെങ്കിലും അവിടെയും പഠനം പൂര്‍ത്തിയാക്കാനായില്ല. പിന്നീട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജില്‍ ചേര്‍ന്നു കോഴ്സ് പാസായി. മാഹി അഴിയൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഡ്രില്‍ മാസ്റ്ററായി ജോലി ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം ബേപ്പൂര്‍ സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി അദ്ദേഹം ജോലി നോക്കി. ദാമോദരൻ മാസ്റ്റർ എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. തിക്കൊടിയന്, കുതിരവട്ടം പപ്പു, ഹരിഹരന്, കുഞ്ഞാണ്ടി തുടങ്ങിയവരുമായി നാടക രംഗത്ത് സഹകരിച്ചിരുന്നു. യുഗസന്ധ്യ’ എന്ന നാടകത്തിലൂടെ നാടകരംഗത്ത് സ്വന്തമായ മേൽവിലാസം ഉണ്ടാക്കാൻ ദാമോദരനു കഴിഞ്ഞു. ഉടഞ്ഞ വിഗ്രഹങ്ങൾ, ആര്യൻ, അനാര്യൻ, നിഴൽ ജനപ്രീതി നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളാണ്. നിഴൽ എന്ന നാടകം ഉദ്ഘാടനം ചെയ്ത സത്യൻ മാഷ്, ബാബുരാജുമായി ചേർന്ന് ആ നാടകം സിനിമയാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
പിന്നീട് 1975 ൽ ഹരിഹരന്റെ നിർബന്ധത്തിനു വഴങ്ങി ലവ് മ്യാരേജ് എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിച്ചത്. പക്ഷേ അതിനു മുന്നേ തന്നെ ഓളവും തീരവും , ശ്യാമളച്ചേച്ചി എന്നീ സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചിരുന്നു. ഐ വി ശശി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി ദാമോദരൻ മാസ്റ്റർ മലയാളസിനിമയിൽ തന്റെ വെന്നിക്കൊടി പാറിച്ചു. മലയാളസിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളായ ആവനാഴി, വാർത്ത, ഇൻസ്പെക്ടർ ബൽറാം, അങ്ങാടി, അടിമകൾ ഉടമകൾ, ഈ നാട് എന്നീ സിനിമകളിൽ മലയാളിക്ക് സമ്മാനിച്ചത് ടി ദാമോദരൻ -ഐ വി ശശി കൂട്ടുകെട്ടായിരുന്നു. ചരിത്രവും സാമൂഹിക പശ്ചാത്തലവും ആധാരമാക്കി നിരവധി ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹമാണ് മലയാള സിനിമയിൽ പൊളിറ്റിക്കൽ സിനിമകൾ എന്നൊരു വിഭാഗത്തിനു തുടക്കമിട്ടത് എന്ന് കരുതപ്പെടുന്നു. മമ്മൂട്ടിയുടെ ആദ്യകാല ബോക്സ് ഓഫീസ് ഹിറ്റുകളെല്ലാം തന്നെ ടി ദാമോദരന്റെ തൂലികയിൽ പിറന്നവയായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങൾ മാസ്റ്റർ അദ്ദേഹത്തിനായി എഴുതി. മലബാർ മാപ്പിള ലഹളയെ ആധാരമാക്കി ഐ വി ശശിയുമായി ചേർന്നു അദ്ദേഹമൊരുക്കിയ 1921 എന്ന ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഭരതനൊപ്പം കാറ്റത്തെ കിളിക്കൂട്, ഇത്തിരിപൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം സഹകരിച്ചു. തന്റെ സ്ഥിരം ശൈലിയിൽ നിന്നും അദ്ദേഹം മാറി ചരിച്ച ഒരു ചിത്രമായിരുന്നു കാറ്റത്തെ കിളിക്കൂട്. മണിരത്നം മലയാളത്തിൽ ആദ്യമായി സിനിമയെടുത്തപ്പോൾ അദ്ദേഹത്തിനായി തിരക്കഥയൊരുക്കിയത് മാസ്റ്ററായിരുന്നു. അങ്ങനെയാണ് 1984 ൽ ഉണരൂ എന്ന ചിത്രമുണ്ടാകുന്നത്. പ്രിയദർശനോടൊപ്പം ചേർന്ന് ആര്യൻ, അദ്വൈതം, അഭിമന്യു, കാലാപാനി എന്നീ ഹിറ്റുകളും മലയാളത്തിനു സമ്മാനിച്ചു. ജഗതി ശ്രീകുമാർ ഇരട്ടവേഷത്തിൽ അഭിനയിച്ച കാട്ടിലെ തടി തേവരുടെ ആന, ശ്രീനിവാസൻ നായകനായ ആനവാൽ മോതിരം, മമ്മൂട്ടിയുടെ മേഘം തുടങ്ങി നിരവധി ഹാസ്യ പ്രാധാന്യമേറിയ ചിത്രങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. വി.എം വിനു സംവിധാനം ചെയ്ത യെസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. നഗരമേ നന്ദി, പാതിരാവും പകൽവെളിച്ചവും, ഓളവും തീരവും, കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും ഫുട്ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഭാര്യ, പരേതയായ പുഷ്പ. തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സിന, രശ്മി തുടങ്ങിയവർ മക്കളാണ്. 2012 മാർച്ച് 28നു ഹൃദയാഘാതം മുലം അന്തരിച്ചു.