നിസ്താർ അഹമ്മദ്
തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് നിസ്താർ അഹമ്മദ്.
തിരുവനന്തപുരം ഗവ. സെൻട്രൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ചെറുപ്പം മുതൽക്കേ അഭിനയത്തിൽ തൽപ്പരനായിരുന്നു. പ്രശസ്ത നാടക പ്രവർത്തകരായ വയലാ വാസുദേവൻ പിള്ള, പി.കെ വേണുക്കുട്ടൻ നായർ എന്നിവരുടെ ശിഷ്യനായി പിന്നീട് പ്രൊഫഷണൽ നാടകരംഗത്തെത്തുകയും 1985 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ തിരുവനന്തപുരത്തെ വിവിധ സമിതികളുടെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2000 ത്തിൽ ദൂരദർശൻ പ്രക്ഷേപണം ചെയ്ത നാറാണത്തു ഭ്രാന്തൻ എന്ന പരമ്പരയിൽ ടൈറ്റിൽകഥാപാത്രമായ നാറാണത്തു ഭ്രാന്തനെ അവതരിപ്പിച്ചതും ഇദ്ദേഹമായിരുന്നു.
2005നു ശേഷം നാടകരംഗത്തു നിന്നും ഏതാണ്ട് പതിമൂന്നു വർഷക്കാലത്തെ ഇടവേളയെടുത്ത നിസ്താർ 2018ൽ പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത മഹാസാഗരം എന്ന നാടകത്തിലൂടെയാണ് നാടകവേദിയിലേക്ക് തിരിച്ചെത്തിയത്. എം.ടി. വാസുദേവൻ നായരുടെ 12 കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഈ നാടകത്തിൽ ഭ്രാന്തൻവേലായുധൻ, ഭീമൻ എന്നീ രണ്ടു വേഷങ്ങളിൽ നിസ്താർ അഭിനയിച്ചു.
കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റൻ്റ് എഞ്ചിനീയറായി ജോലിചെയ്തുവരവേയാണ് 2015ൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ നിസ്താർ അവതരിപ്പിച്ച ധർമ്മൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും, ചിത്രം നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തതോടെ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു. കാർബൺ, വരത്തൻ, വിമാനം, മറഡോണ, മാലിക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
നിലവിൽ, നെടുമങ്ങാടിനടുത്ത് കരകുളത്താണ് നിസ്താർ അഹമ്മദിൻ്റെ താമസം. 2019 മെയ് യിൽ ഇദ്ദേഹം വാട്ടർ അതോറിട്ടിയിലെ ജോലിയിൽ നിന്ന് വിരമിച്ചു. തൻ്റെ സഹപാഠിയായിരുന്ന ഷീലയെയാണ് നിസ്താർ വിവാഹം ചെയ്തത്. നയൻ, നവീൻ എന്നിവരാണ് മക്കൾ. നയൻ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. നവീൻ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ്.