കെ ടി സി അബ്ദുള്ള

K T C Abdulla

1936ൽ കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവര്‍ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായി ജനിച്ചു. കോഴിക്കോട് ഹിമായത്തുല്‍ സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും വിദ്യഭാസം പൂർത്തിയാക്കിയ അബ്ദുള്ളക്ക് പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു.പതിമൂന്നാം വയസിൽത്തന്നെ നാടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമായി. 

കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെടിസി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. സ്ഥാപകനായ പിവി സാമിയില്‍ തുടങ്ങിയ സൗഹൃദം മൂന്നാം തലമുറയിലും തുടര്‍ന്ന അദ്ദേഹം, അവരുടെ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ മാത്രമല്ല, എല്ലാ സംരംഭങ്ങളിലും ഭാഗഭാക്കായി. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നപ്പോള്‍ അബ്ദുള്ള ആ വഴിക്കു തിരിഞ്ഞത്. 77ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിക്കാൻ തുടക്കമിടുന്നത്.  കോഴിക്കോടിന്റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെടിസി അബ്ദുള്ള.  റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെട്ടിരുന്ന അബ്ദുള്ള സീരിയല്‍ നടനായും വേഷമിട്ടു.നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും ഏറെക്കാലം പ്രതിഭ തെളിയിച്ചു.

അബ്ദുള്ള തന്റെ നാൽപ്പത് വർഷത്തെ സിനിമാചരിത്രത്തിൽ അറബിക്കഥ, ഗദ്ദാമ, യെസ് ‌യുവർ ഓണർ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങളോടൊപ്പം ഏകദേശം അൻപതോളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു. ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിൽ കേന്ദ്ര കഥാപാത്രമായിരുന്നു ചെയ്തിരുന്നത്.

നവംബർ 17, 2018ന് തന്റെ 82-ആം വയസ്സിൽ അന്തരിച്ചു.