അടിമക്കച്ചവടം
അച്ഛനും രണ്ട് പെൺമക്കളും മാത്രമുള്ള കുടുംബത്തിലെ മക്കളിൽ ഇളയവൾ തന്റെ കാമുകനൊപ്പം ജീവിക്കാനുറപ്പിച്ച് വീടുവിട്ടുപോവുകയും, മൂത്തവൾ അച്ഛന്റെ തീരുമാനപ്രകാരമുള്ളയാളെ ഭർത്താവായി സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ തുടർന്നുള്ള ജീവിതത്തിൽ അവരിരുവരെയും കാത്തിരുന്നത് ദുരനുഭവങ്ങൾ മാത്രമായിരുന്നു.
Actors & Characters
Main Crew
കഥ സംഗ്രഹം
വിഭാര്യനായ മാധവന് (ബഹദൂർ) രണ്ട് പെൺമക്കളാണുള്ളത്. മൂത്തവളായ സീത(ജയഭാരതി) സ്ഥലത്തെ പ്രമാണിയായ വർക്കി മുതലാളി(ശങ്കരാടി) യുടെ കയർ നിർമ്മാണശാലയിൽ പണിയെടുക്കുന്നു. അച്ഛന് ഒരു കൈത്താങ്ങും അനുജത്തി ചന്ദ്രികയ്ക്ക് (പ്രിയ) മാതൃതുല്യയുമാണ് അവൾ. കോളേജ് വിദ്യാർഥിനിയായ ചന്ദ്രികയാവട്ടെ വർക്കി മുതലാളിയുടെ മകൻ ജോസുമായി ( വിൻസന്റ്) പ്രണയത്തിലാണ്.
മാധവന്റെ അയൽപക്കത്താണ് വേലായുധനും (അടൂർ ഭാസി) ഭാര്യ പാർവതിയും (കെ.പി.എ.സി.ലളിത) മക്കളായ വാസുവും (എം. ജി.സോമൻ) ഓമനയും(ജയലക്ഷ്മി) അടങ്ങുന്ന കുടുംബം. കന്നുകാലികളെ വാങ്ങിയും മോഷ്ടിച്ചും മറിച്ചു വിൽക്കുന്നതല്ലാതെ വാസുവിന് വേറെ പ്രത്യേകിച്ച് തൊഴിലൊന്നുമില്ല. മദ്യപാനവും ചീട്ടുകളിയും ദുർന്നടപ്പുമായി കഴിയുന്ന അയാൾക്ക് സീതയുടെ മേൽ ഒരു കണ്ണുണ്ട്. ഇഷ്ടം ഭാവിച്ച് അയാൾ സീതയെ സമീപിക്കുന്നുണ്ടെങ്കിലും തന്റെ അച്ഛൻ തനിക്കായി കണ്ടെത്തുന്ന ആളെ മാത്രമേ താൻ സ്നേഹിക്കൂ എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറുന്നു.
കോളേജിൽ നിന്ന് പിരിഞ്ഞതിനു ശേഷമുള്ള ഒരു ദിവസം ജോസ് ചന്ദ്രികയെ കാണാനായി അവളുടെ വീടിന്റെ പരിസരത്ത് എത്തുന്നു. ആ സമയം മാധവനും സീതയും മാത്രമാണ് വീട്ടിലുള്ളത്. ചന്ദ്രികയെ കാണാതെ വീടിനു സമീപം ചുറ്റിത്തിരിയുന്ന ജോസിനെ കാണുന്ന സീത അയാളോട് കാര്യം ആരായുന്നു. താൻ ചന്ദ്രികയുടെ സഹപാഠിയാണെന്നും അവളെ കാണാൻ വന്നതാണെന്നും മാത്രം ആദ്യം പറയുന്ന ജോസിന് പക്ഷേ പിന്നീട് താനും ചന്ദ്രികയും തമ്മിലുള്ള പ്രണയം സീതയോട് വെളിപ്പെടുത്തേണ്ടിവരുന്നു. വർക്കി മുതലാളിയുടെ കുടുംബവും തങ്ങളും തമ്മിലുള്ള സാമ്പത്തികവും മതപരവുമായ അന്തരം ചൂണ്ടിക്കാട്ടുകയും സ്ത്രീലമ്പടനായ വർക്കിയുടെ മകനും ആ പാരമ്പര്യം കാണുമെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന സീത, ജോസിനോട് തന്റെ അനുജത്തിയുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നു. തൽസമയം വീടിന്റെ ഉമ്മറത്തേക്കെത്തുന്ന മാധവൻ അവരുടെ സംഭാഷണത്തിന് സാക്ഷിയാവുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്നു. പുറത്തു പോയിരുന്ന ചന്ദ്രിക വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കാണുന്നത് തന്റെ കാമുകനെ ശാസിക്കുന്ന സീതയെയാണ്. കുപിതയാവുന്ന അവൾ സീതയോട് കയർക്കുകയും താനും ജോസും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്നും, അച്ഛനും ചേച്ചിയും സമ്മതിക്കുന്ന പക്ഷം താൻ ഈ നിമിഷം ജോസിനൊപ്പം പോവാൻ തയ്യാറാണെന്നും പറയുന്നു. ജോസ് അന്യമതസ്ഥനാണെന്ന കാര്യം സൂചിപ്പിക്കുന്ന മാധവനോട് ഒരു ജാതി, ഒരു മതം , ഒരു ദൈവം എന്ന ഗുരുദേവ വചനം അച്ഛൻ വൃഥാ പറഞ്ഞു നടക്കുമ്പോൾ ആ അച്ഛന്റെ മകൾ അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെന്ന് ചന്ദ്രിക പരിഹാസപൂർവ്വം മറുപടി പറയുന്നു. അനിയത്തിയെ പിന്തിരിപ്പിക്കാൻ സീത വീണ്ടും ശ്രമിക്കുമോൾ മാധവൻ അവളെ തടയുന്നു. ഈ നിമിഷം തന്നെ ജോസിനൊപ്പം പൊയ്ക്കൊള്ളാൻ അയാൾ ചന്ദ്രികയോട് പറയുന്നു.
ജോസ് ചന്ദ്രികയുമായി സ്വന്തം വീട്ടിലെത്തുന്നു. തന്ത്രശാലിയായ വർക്കി മകനെ തനിച്ച് അകത്തെ മുറിയിലേക്ക് വിളിച്ച് താൻ സ്വരുക്കൂട്ടി വച്ചിരിക്കുന്ന സമ്പാദ്യമെല്ലാം കാണിക്കുകയും തന്റെ ഭൂസ്വത്തുക്കളെക്കുറിച്ച് വിവരിക്കുകയും ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള വിവാഹബന്ധം വഴി അവന് ലഭിച്ചേക്കാവുന്ന സ്ത്രീധനത്തെക്കുറിച്ച് വർണ്ണിക്കുകയും ചെയ്യുന്നു. ശേഷം, പതിനായിരം രൂപ അവന് നൽകുന്ന വർക്കി, മകന് താൻ നൽകുന്ന വിവാഹസംഭാവനയായി ആ രൂപ സ്വീകരിച്ച്, ബാക്കി സ്വത്തെല്ലാം മറന്ന് ചന്ദ്രികയോടൊപ്പം ജീവിക്കുകയോ, അതല്ലെങ്കിൽ ആ പതിനായിരം ചന്ദ്രികയ്ക്ക് നൽകി അവളെ ഒഴിവാക്കി തിരിച്ചു വന്ന് തന്റെ സ്വത്തുകളുടെയെല്ലാം അവകാശിയായി വാഴുകയോ, ഏത് വേണമെന്ന് ജോസിന് തന്നെ തീരുമാനിക്കാമെന്ന് അവനോട് പറയുന്നു.
ആശയക്കുഴപ്പത്തിലാവുന്ന ജോസ്, തങ്ങളുടെ വിവാഹത്തിന് അപ്പൻ സമ്മതിച്ചിട്ടുണ്ടെന്ന് ചന്ദ്രികയോട് പറയുകയും തന്റെ ബന്ധുവായ ജെസ്സി (കോട്ടയം ശാന്ത) എന്ന സ്ത്രീയുടെ വീട്ടിൽ അവളെ കൊണ്ടുചെന്നാക്കുകയും വിവാഹം നടക്കുന്നതുവരെ അവിടെ കഴിയാൻ ചന്ദ്രികയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്പൻ തന്ന പതിനായിരം രൂപ നിർബന്ധപൂർവം അവളെ ഏൽപ്പിച്ച ശേഷമാണ് ജോസ് മടങ്ങുന്നത്.
വള്ളക്കാരൻ ചാത്തന് (സത്താർ) സീതയോട് ഇഷ്ടമുണ്ട്. എന്നാൽ താൻ ജാതിയിൽ താഴ്ന്നവനാണെന്ന ചിന്തയാൽ അയാൾ ആ ഇഷ്ടം തന്റെ ഉള്ളിൽത്തന്നെ ഒതുക്കുന്നു.
ഒരിക്കൽ കാലിച്ചന്തയ്ക്ക് പോകവേ, പൊന്നമ്മ(ശുഭ) എന്നൊരു യുവതിയെ കാണാനിടയാവുന്ന വാസുവിന് അവളിൽ താൽപര്യം തോന്നുന്നു. രാക്ഷസൻ എന്ന പേരിലാണ് അവളുടെ അച്ഛൻ ആ നാട്ടിൽ അറിയപ്പെടുന്നത്. വാസു രാക്ഷസനെ(ഭാസ്കരക്കുറുപ്പ്) ചെന്നുകണ്ട്, പൊന്നമ്മയെ തനിക്കിഷ്ടമായെന്നും അവളെ കെട്ടാൻ താൽപര്യമുണ്ടെന്നും അറിയിക്കുന്നു. തനിക്ക് അയ്യായിരം രൂപ തരുന്നവന് മാത്രമേ താൻ മകളെ കെട്ടിച്ചുകൊടുക്കൂ എന്ന് പറയുന്ന രാക്ഷസനോട്, താൻ പണവുമായി വരും എന്ന് ഉറപ്പു പറഞ്ഞിട്ട് വാസു മടങ്ങുന്നു. ഈ വിവരമറിയുന്ന പൊന്നമ്മയുടെ കാമുകനും (ജയൻ) ചങ്ങാതിമാരും വാസുവിനോട് കയർക്കുകയും അവർ തമ്മിൽ അടിപിടിയുണ്ടാവുകയും ചെയ്യുന്നു.
തിരിച്ച് നാട്ടിലെത്തുന്ന വാസു അയ്യായിരം രൂപ സമ്പാദിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. വർക്കി മുതലാളിയടക്കം പലരോടും അയാൾ കടം ചോദിക്കുന്നെങ്കിലും ആരും പണം കൊടുക്കുന്നില്ല. ഇതിനിടയിൽ വാസുവിനെ നന്നാക്കാനും, കുറച്ച് ഉത്തരവാദിത്തം വരുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി അയാളെ പെണ്ണുകെട്ടിച്ച് പുഴയ്ക്കക്കരെ ഒരു കൊച്ചുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കാൻ വീട്ടുകാർ ആലോചിക്കുന്നു. സീതയെയാണ് വധുവായി അവർ മനസ്സിൽ കണ്ടിരിക്കുന്നത്. വാസു അതിന് സമ്മതം മൂളുന്നു. മകളെ വാസുവിന് കല്യാണം ചെയ്തുകൊടുക്കുന്നതിൽ മാധവന് വിരോധമില്ല. അച്ഛന്റെ ഇഷ്ടത്തിനപ്പുറം തനിക്കൊരു അഭിപ്രായമില്ല എന്ന പക്ഷമാണ് സീതയ്ക്ക്. അങ്ങനെ വിവാഹം നടക്കുന്നു. ശേഷം നവദമ്പതിമാർ പുഴയ്ക്കക്കരെയുള്ള വീട്ടിൽ താമസമാരംഭിക്കുന്നു. പഴയ രീതികൾ ഉപേക്ഷിച്ച് താനൊരു പുതിയ മനുഷ്യനായി ജീവിക്കാൻ തുടങ്ങുകയാണെന്ന് വാസു സീതയ്ക്ക് ഉറപ്പു നൽകുന്നു. അയാൾക്ക് കച്ചവടം തുടങ്ങുന്നതിനുള്ള പണത്തിനായി തന്റെ ആഭരണങ്ങൾ അവൾ നൽകുന്നു
തന്നെക്കാണാൻ ജോസ് വരാത്തതിൽ ദുഖിതയായ ചന്ദ്രിക അയാളെ വീട്ടിൽ ചെന്ന് കാണാൻ തീരുമാനിക്കുന്നെങ്കിലും ജെസ്സി അവളെ തടയുന്നു. അപ്പന്റെ സ്വത്ത് കണ്ട് ജോസിന്റെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണെന്നും അയാളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞെന്നും അവർ ചന്ദ്രികയോട് പറയുന്നു. ഇക്കാര്യം നേരിട്ട് ചോദിക്കുന്നതിനായി ചന്ദ്രിക ജോസിനെ കാണുന്നു. താൻ അവളെ കയ്യൊഴിഞ്ഞിട്ടില്ലെന്നും മറ്റൊരു വിവാഹം ചെയ്താൽപ്പോലും ഇടയ്ക്കിടെ അവളെ താൻ അവിടെ വന്ന് കണ്ടു കൊള്ളാമെന്നുമുള്ള ജോസിന്റെ വാക്കുകൾ കേട്ട് ചന്ദ്രിക തകർന്നു പോകുന്നു. അവർ തമ്മിൽ വാക്കേറ്റമുണ്ടാവുന്നു. താൻ അവളുമായി പുലർത്തിയിരുന്ന എല്ലാ വിധ ബന്ധത്തിനുമുള്ള പ്രതിഫലം പണമായി തന്നുകഴിഞ്ഞെന്ന് ജോസ് ചന്ദ്രികയോട് പറയുന്നു. ജോസ് പറഞ്ഞ കണക്കിന് പകരമായി തന്റെ കണക്ക് താനും ഒരിക്കൽ പറയുമെന്ന മുന്നറിയിപ്പോടെ അവൾ മടങ്ങുന്നു. തുടർന്ന് ജെസിയുടെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന ചന്ദ്രിക, തനിക്കൊരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യത്തിലെത്താൻ താൻ എന്തു തെറ്റും ചെയ്തേക്കുമെന്നും, അതിന് ആ വീട്ടിൽ സൗകര്യമില്ലെന്നും അവരോട് പറയുന്നു.
സീതയ്ക്ക് സ്ത്രീധനമായി നൽകിയ ആഭരണങ്ങൾ മുക്കുപണ്ടങ്ങളാണെന്ന് ആരോപിച്ച് വാസുവും മാതാപിതാക്കളും ചേർന്ന് അവളെ സ്വന്തം വീട്ടിൽ കൊണ്ടുചെന്നാക്കുന്നു. താൻ നൽകിയത് സ്വർണ്ണാഭരണങ്ങൾ തന്നെയാണെന്ന് മാധവൻ ആണയിട്ട് പറയുന്നത് സീത പോലും വിശ്വസിക്കുന്നില്ല.
ചന്ദ്രിക നഗരത്തിൽ വേശ്യാവൃത്തി നടത്തുകയാണെന്ന വിവരം മാധവന്റെ കാതിലെത്തുന്നു. അത് പറഞ്ഞ നാട്ടുകാരനോട് അയാൾ കയർക്കുമ്പോൾ വള്ളക്കാരൻ ചാത്തൻ അയാളെ അനുനയിപ്പിക്കുന്നു. കേട്ട വാർത്ത സത്യമാണെന്ന് ചാത്തൻ അനുഭാവപൂർവ്വം മാധവനോട് പറയുന്നു.
ചന്ദ്രികയെ കാണാൻ ചാത്തനൊപ്പം വേശ്യാഗൃഹത്തിലെത്തുന്ന മാധവനെക്കണ്ട് അവൾ ഞെട്ടുന്നു. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങിപ്പോവുമ്പോൾ മനസുകൊണ്ട് താൻ അവളെ അനുഗ്രഹിക്കുകയായിരുന്നെന്നും, ഭർത്താവുമൊത്ത് വീട്ടിലേക്ക് വരുന്ന ദിവസം കാത്തിരിക്കുകയായിരുന്നെന്നും, എന്നാൽ ഇനി മേലിൽ ഒരിക്കലും തന്റെ വീട്ടിലേക്ക് വരരുത് എന്നും ചന്ദ്രികയോട് മാധവൻ പറയുന്നു.
അനുജത്തിയുടെ അവസ്ഥ അച്ഛനിൽ നിന്നും അറിയാനിടയായ സീതയും തകർന്നു പോകുന്നു. അവളെ ഭർതൃഗൃഹത്തിലേക്ക് തിരിച്ചയക്കാനായി വീട് പണയപ്പെടുത്തി വാങ്ങിയ ആഭരണങ്ങൾ മാധവൻ സീതയെ ഏൽപ്പിക്കുന്നു. ചാത്തന്റെ വള്ളത്തിൽ, പുഴയ്ക്കക്കരെയുള്ള വീട്ടിലേക്കെത്തുന്ന സീത വീട്ടുമുറ്റത്ത് അപരിചിതയായ ഒരു യുവതിയെ കണ്ട് അമ്പരക്കുന്നു. താൻ വാസുവിന്റെ ഭാര്യ പൊന്നമ്മയാണെന്ന് അവൾ സീതയോട് പറയുന്നു. തൽസമയം അങ്ങോട്ടേക്കെത്തുന്ന വാസു, പൊന്നമ്മയെ കെട്ടാനുള്ള അയ്യായിരം രൂപയുണ്ടാക്കാൻ താൻ കണ്ട വഴിയായിരുന്നു സീതയുമായുള്ള കല്ല്യാണമെന്നും ഇനി അവളെ തനിക്ക് ആവശ്യമില്ലെന്നും വെളിപ്പെടുത്തുന്നു. വാസു സീതയെ ചതിക്കുകയായിരുന്നെറിഞ്ഞ ചാത്തൻ വാസുവിനോട് കയർക്കുന്നു. അവർ തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടാവുന്നെങ്കിലും സീത ചാത്തനെ പിന്തിരിപ്പിക്കുന്നു. അവൾ സ്വന്തം വീട്ടിലേക്ക് തിരികെപ്പോവുന്നു. വാസുവിന്റെ കുഞ്ഞ് തന്റെ വയറ്റിൽ വളരുന്ന വിവരം സീത അച്ഛനോട് പറയുന്നു.
മകൻ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സീതയെ ചതിക്കുകയുമായിരുന്നെന്ന് മനസ്സിലാക്കുന്ന വേലായുധൻ വാസുവിന്റെ വീട്ടിൽ ചെന്ന് അയാളെ ശകാരിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്യുന്നു. ശേഷം മാധവന്റെ വീട്ടിലെത്തുന്ന വേലായുധൻ അയാളോടും മകളോടും ക്ഷമ ചോദിക്കുന്നു.
തനിക്ക് സീതയോട് പണ്ടേയുണ്ടായിരുന്ന ഇഷ്ടം ചാത്തൻ അവളോട് തുറന്നു പറയുകയും അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാൽ അതിന് മറുപടി പറയും മുൻപേ അവൾ തലചുറ്റി വീഴുന്നു.
പൊന്നമ്മയുടെ പഴയ കാമുകൻ അവളെ കാണാനിടയാവുന്നു. ഇനി തന്നെ കാണാൻ ഈ നാട്ടിലേക്ക് വരരുതെന്ന് അവൾ അയാളോടു പറയുന്നെങ്കിലും, താൻ ഇനിയും വരുമെന്ന് അയാൾ തീർത്തു പറയുന്നു.
സീത ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നു. വാസുവിന്റെ തനിനിറം മനസ്സിലാക്കിയ പൊന്നമ്മ അയാളോട് അകൽച്ച കാണിച്ചു തുടങ്ങുന്നു. സീതയുടെ ഗതി നാളെ തനിക്കും വരുമെന്ന് പരിതപിക്കുന്ന അവളെ വാസു മർദ്ദിക്കുന്നു.
അഭിസാരികയായി ഒരു ഹോട്ടൽ മുറിയിൽ വർക്കി മുതലാളിയുടെ മുന്നിൽ ചന്ദ്രിക എത്തുന്നു. അവളെ കണ്ട് അയാൾ പരിഭ്രമിക്കുന്നു. അയാളുടെ പരിഭ്രമം ആസ്വദിക്കുന്ന അവൾ, മുറിയിൽ അയാളാണുള്ളത് എന്നറിഞ്ഞ് തന്നെയാണ് താൻ എത്തിയത് എന്ന് വെളിപ്പെടുത്തുന്നു. അവളെ എത്രയും വേഗം അവിടെ നിന്ന് ഒഴിവാക്കാനായി അയാൾ അവൾക്ക് പണം നൽകുന്നു. എന്നാൽ അവൾ ഉടനെ ആ മുറി വിട്ടു പോവാതെ വർക്കിയെ സമ്മർദ്ദത്തിലാക്കുന്നു. ഇതുപോലെ അയാളുടെ മകനെയും വൈകാതെ താൻ കാണുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകി, അയാൾ തന്ന പണം അയാളുടെ മുഖത്ത് തന്നെ വലിച്ചെറിഞ്ഞ് അവൾ ഇറങ്ങിപ്പോവുന്നു.
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആദിശില്പി |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
2 |
ഏദനിൽ ആദിയിൽ |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
3 |
പള്ളിമഞ്ചൽ |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി ദേവരാജൻ | പി മാധുരി |
4 |
ബലിയേ |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി ദേവരാജൻ | സി ഒ ആന്റോ, സംഘവും |