നിലമ്പൂർ കാർത്തികേയൻ

Nilambur Karthikeyan
Nilambur Kaarthikeyan
നിലമ്പൂർ കാർത്തികേയൻ
ആലപിച്ച ഗാനങ്ങൾ: 20

1970കളില്‍ മലയാള ചലച്ചിത്രഗാനാലാപനരംഗത്ത് വേറിട്ട ശബ്ദത്തിലൂടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ് നിലമ്പൂർ കാർത്തികേയൻ. ആദ്യകാലത്ത് അന്‍പതോളം സിനിമാഗാനങ്ങള്‍ ആലപിച്ച ഈ ഗായകന്‍ എക്കാലത്തെയും പ്രശസ്തരായ ദേവരാജന്‍ മാസ്റ്റര്‍, ശ്യാം, എ.ടി.ജോയ് എന്നിവരുടെ സംഗീത സംവിധാനത്തിലാണ് തന്റെ സ്വരശുദ്ധി തെളിയിച്ചത്. നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം. ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ചെമ്പൈ മ്യൂസിക് കോളേജില്‍ (പാലക്കാട്) നിന്ന് ഗാനഭൂഷണവും, തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും സ്വന്തമാക്കി. അണിയറയെന്ന ചിത്രത്തിലെ കാഞ്ഞിരക്കോട്ട് കായലിലോയെന്ന ഗാനത്തിലൂടെയാണ് നിലമ്പൂര്‍ കാര്‍ത്തികേയന്റെ കീര്‍ത്തി മലയാളക്കരയില്‍ അലയടിച്ചത്. തുടര്‍ന്ന് കേണലും ഡയറക്ടറും, കോട്ടയം ജോയിയുടെ സംവിധാനത്തില്‍ ലില്ലിപൂക്കള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ഗാനപ്രവീണയ്ക്കു ശേഷം നിലമ്പൂരില്‍ത്തന്നെയുള്ള കെ.എം.മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനായി കുറച്ചു കാലം ജോലി നോക്കി. കാർത്തികേയനും ഭാര്യ സുലേഖയും ചേർന്ന് ന്യൂയോര്‍ക്കിൽ 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ചതാണ് സംഗീതസാഗരസഭയെന്ന വിദ്യാലയം. നൂറിലധികം വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകസംഗീതം, വെസ്റ്റേണ്‍ കീബോര്‍ഡ് എന്നിവ കാർത്തികേയന്റെ  കീഴില്‍ അഭ്യസിച്ചുവരുന്നു. എ.ആര്‍.റഹ്മാന്‍, പിന്നണിഗായകന്‍, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ക്ക് സംഗീതം പകര്‍ന്നു നല്‍കിയിട്ടുള്ളയാളാണ് കാർത്തികേയൻ. ഭാര്യ സുലേഖ  സംഗീതത്തില്‍ ഗാനഭൂഷണം നേടിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള എല്‍മസ്റ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. മകൻ ധനീഷ്. ബിസിനസ്സ് മാനേജ്‌മെന്റിന് പഠിക്കുന്നു.

Video