മുദ്ര
ദുർഗുണ പരിഹാര പാഠശാല പശ്ചാത്തലത്തിൽ
ലോഹിതദാസിന്റേതായി 1989 ൽ പുറത്തിറങ്ങിയ പടം ആയിരുന്നു മുദ്ര. ഈ പടത്തെ പൂർണമായും ഒരു ജുവനൈൽ ഹോം സ്റ്റോറി എന്നു പറയാം. മമ്മൂട്ടി നായകനായ ലോഹി -സിബി കൂട്ടുകെട്ടിലെ മൂന്നാമത്തെ ഈ ചിത്രം നിർമ്മിച്ചത് നന്ദനയുടെ ബാനറിൽ നന്ദകുമാർ ആയിരുന്നു.
നിരവധി കേസുകളിൽ പെട്ടു അനേകം കുട്ടികൾ വസിക്കുന്ന ജുവനൈൽ ഹോമിലേക്ക് സൂപ്രണ്ടായി രാമഭദ്രൻ വരികയാണ്.കുട്ടികൾക്കുമേൽ അന്നുവരെ ഏല്പിച്ചിരുന്ന സ്ഥിരം ചട്ടങ്ങളും ചിട്ടകളും അയാൾ മാറ്റാൻ ശ്രമിക്കുന്നു. ചിലർക്കു അതു ഇഷ്ടമാവുന്നു എങ്കിലും ചിലർ അതിനെ തിരസ്കരിക്കുന്നുമുണ്ട്. പുറത്ത് നിന്നുമുള്ള ആളുകളുടെ സഹായത്തോടെ കുട്ടികളിൽ ചിലർ കഞ്ചാവ് ഉപയോഗിക്കുന്നതായി രാമഭദ്രൻ കണ്ടുപിടിക്കുന്നു. ഇതെല്ലാം ശരിയാക്കികൊണ്ടുപോകാൻ രാമഭദ്രൻതീരുമാനിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന തികച്ചും യാദൃച്ഛികമായ സംഭവവികാസങ്ങൾ ആണ് ഈ ചിത്രം പറയുന്നത്.
നടനും സംവിധായകനുമായ മഹേഷ് അഭിനയിച്ച ആദ്യചിത്രമാണിത്. ഒപ്പം ബൈജുവും സുധീഷും മുകേഷ്, മധു, സുകുമാരൻ, കരമന, പാർവതി എന്നിവരും മറ്റു വേഷങ്ങളിലെത്തി. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻസിതാര സംഗീതവും നൽകി.രണ്ടു ഗാനവും പാടിയത് എം ജി ശ്രീകുമാറാണ്. ജോൺസൺ മാഷ് പശ്ചാത്തല സംഗീതവും സാലു ജോർജ് ക്യാമറയും ഭൂമിനാഥൻ എഡിറ്റിംഗും കൈകാര്യം ചെയ്തു.