സാദിഖ്

Sadiq

തൃശ്ശൂർ സ്വദേശി. മുഹമ്മദ് കോയയുടെയും റസിയ ബീവിയുടേയും മകനായി ജനനം. യഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചിട്ടും ചെറുപ്പം മുതൽ സിനിമ സാദിഖിനു ഒരു ആവേശമായിരുന്നു. അഭിനയത്തോടുള്ള അഭിനിവേശം അദ്ദേഹത്തെ ചെറുപ്പകാലത്തു തന്നെ അമച്വർ നാടകങ്ങളിൽ എത്തിച്ചു. നാട്ടിലെ ആർട് സൊസൈറ്റി നാടകങ്ങളിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ചു. ആദ്യമായി അരങ്ങത്തെത്തിയത് ഒരു സ്ത്രീ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു. അതിനു ലഭിച്ച അംഗീകാരവും പ്രോത്സാഹനവും അദ്ദേഹത്തെ നാടകത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.  സിവിൽ എഞ്ചിനീയറിങ് പാസായി ബിൽഡിംഗ് കോൺട്രാക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനിടയിൽ പ്രൊഫഷണൽ നാടകങ്ങളുമായും സഹകരിച്ചു. 

സാദിഖിന്റെ കസിനായ റഷീദു വഴിയാണ് അദ്ദേഹം പവിത്രൻ സംവിധാനം ചെയ്ത ഉപ്പിന്റെ പ്രൊഡക്ഷൻ മാനേജറെ പരിചയപ്പെടുന്നത്.  പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ച് ചെന്ന സാദിഖിനെ അന്ന് ഇന്റര്‍വ്യൂ ചെയ്തത് നടന്‍ ശ്രീരാമനാണ്. സാദിഖിനെ നേരിട്ടു കണ്ട പവിത്രൻ വീഡിയോ ടെസ്റ്റ് ചെയ്യാതെ സലിം എന്ന കഥാപാത്രത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഉപ്പിനു ശേഷം ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം എന്ന ചിത്രത്തിൽ അഭിനയിച്ചു. വാണിജ്യ സിനിമയിലേക്ക് കടക്കാനുള്ള ആദ്യ ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ ഒരു സ്ഥിര വരുമാനത്തിനായി ട്രാവൽ ഏജൻസി തുറന്നു.  പിന്നീട് ജേസി സംവിധാനം ചെയ്ത മോഹപ്പക്ഷികള്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ജോമോന്റെ മമ്മൂട്ടി ചിത്രമായ സാമ്രാജ്യത്തിലൂടെ സാദിഖ് വാണിജ്യ സിനിമകളിൽ തുടക്കം കുറിച്ചു. ആ ചിത്രം ഹിറ്റായതോടെ അദ്ദേഹത്തെ തേടി നിരവധി കഥാപാത്രങ്ങൾ വന്നു. പിന്നീട് മിമിക്സ് പരേഡ്, കാസർ‌കോട് കാദർഭായ് തുടങ്ങിയ സൂപ്പർ ഹിറ്റുകളുടെ ഭാഗമായതോടെ സിനിമാ ലോകത്ത് സജീവമായി. ഷാജി കൈലാസ് - രണ്‍ജി പണിക്കർ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ സാദിഖ്, കമ്മീഷണറിലൂടെയാണ് ആദ്യം പോലീസ് വേഷം അണിയുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പോലീസ് വേഷം അദ്ദേഹത്തെ തേടിയെത്തി. ദി കിംഗ് എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരന്റെ വേഷം അദ്ദേഹത്തിനു സമ്മാനിച്ചതും രണ്‍ജി പണിക്കരായിരുന്നു. അത് സ്ഥിരം പോലീസ് വേഷങ്ങളിൽ നിന്നും രാഷ്ട്രീയക്കാരന്റെ വേഷങ്ങളിലേക്ക് അദ്ദേഹത്തിനു മാറ്റം സമ്മാനിച്ചു. അഭിനയത്തിന്റെ ആദ്യ നാളുകളിൽ ട്രാവൽ ഏജൻസി തുടർന്നെങ്കിലും സിനിമയിൽ തിരക്കേറിയതോടെ അത് നിർത്തി. 

വില്ലൻ വേഷങ്ങളിലും നെഗറ്റീവ് കഥാപാത്രങ്ങളിലും നിറഞ്ഞു നിന്നിരുന്ന സാദിഖിന്റെ കരിയറിലെ വഴിത്തിരിവായ കഥാപാത്രമായിരുന്നു ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ അബ്ബാസ്. അച്ഛനുറങ്ങാത്ത വീട്, വിക്രമാദിത്യൻ, ബാബു ജനാർദ്ദനന്റെ ബോംബെ മാർച്ച് 12, രഞ്ജിത്തിന്റെ ഞാൻ, ചാപ്റ്റേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഭിനയ രംഗത്തെ 25 വർഷം പിന്നിട്ട സാദിഖ്, 500 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് അദ്ദേഹം. ഭാര്യ ഷാജിദ. മക്കൾ - റുബീന, തമന്ന