വത്സല മേനോൻ

Vathsala Menon

മലയാള ചലച്ചിത്ര നടി. 1945-ൽ രാമൻ മേനോന്റെയും ദേവകിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ കാളത്തോട് എന്ന സ്ഥലത്ത് ജനിച്ചു. കുട്ടിക്കാലത്തു തന്നെ നൃത്തം പഠിയ്ക്കുകയും വേദികളിൽ അവതരിപ്പിയ്ക്കുകയും ചെയ്തിരുന്നു.  നൃത്തപാടവമാണ് വത്സലമേനോനെ സിനിമയിലെത്തിയ്ക്കുന്നത്. 1953-ൽ തിരമാല എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നായികയായി ക്ഷണം ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. തന്റെ പതിനാറാം വയസ്സിൽ ബോംബേയില്‍ ഹിന്ദുസ്ഥാന്‍ സെര്‍ഡോയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന ഹരിദാസനെ വിവാഹം കഴിച്ചു മുംബൈയില്‍ താമസമാക്കി.

 മുംബൈയിൽ നിന്നു നാട്ടില്‍ വന്നപ്പോള്‍ തൃശൂരില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മിസ് തൃശൂര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വത്സലയെ കാപാലിക എന്ന ചിത്രത്തില്‍ നായികയാക്കാന്‍ ക്ഷണിച്ചു. പക്ഷെ കാപാലിക മറ്റൊരു നിര്‍മ്മാതാവിനു കൈമാറിയതോടെ വത്സല മേനോന് അഭിനയിക്കാന്‍ ആയില്ല. പിന്നെ മുംബെയില്‍ നാടക ട്രൂപ്പുണ്ടാക്കി. ഇതിനിടെ മൂന്നു് ആണ്‍മക്കള്‍ ജനിച്ചു. മക്കൾ വലുതാകുന്നവരെ സിനിമയിൽ നിന്നു മാറിനിന്ന വത്സല മേനോൻ മൂന്നാമത്തെ മകനു ചെന്നൈയില്‍ എഞ്ചിനീയറിംഗിനു അഡ്മിഷന്‍ കിട്ടിയപ്പോള്‍ ചെന്നൈയിലേക്കു് താമസം മാറ്റി. ഇവിടെ വച്ചു് ഭീമന്‍ രഘുവിനെ പരിചയപ്പെടുകയും രഘു നിര്‍മ്മിച്ച "ഭീകരരാത്രി"യില്‍ ഉപനായികയായി അഭിനയിക്കുകയും ചെയ്തു. പക്ഷെ ചിത്രം പൂര്‍ത്തിയായില്ല. തുടര്‍ന്ന് 1985-ൽ കെ എസ് ഗോപാലകൃഷ്ണന്റെ "കിരാതം" എന്ന ചിത്രത്തില്‍ പ്രതാപചന്ദ്രന്റെ ഭാര്യയായി അഭിനയിച്ചു. തുടർന്ന് അനേകം ചിത്രങ്ങളിൽ അഭിനയിച്ചു. ഏതാണ്ട് ഇരുന്നൂറിൽ അധികം സിനിമകളിൽ വത്സലമേനോൻ അഭിനയിച്ചിട്ടുണ്ട്. 

ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലാണ് കൂടുതൽ അഭിനയിക്കുന്നത്. സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി അവർ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു.         വത്സലമേനോന് മൂന്നുമക്കളാണുള്ളത്. പ്രകാശ്, പ്രേം, പ്രിയൻ..