കരമന ജനാർദ്ദനൻ നായർ

Karamana Janardhanan Nair

മലയാള ചലച്ചിത്രനടൻ. 1936 ജൂലൈ 25ന് കുഞ്ഞുവീട്ടിൽ രാമസ്വാമി അയ്യരുടെയും ഭാർഗ്ഗവിയമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കരമനയിൽ ജനിച്ചു. കരമന ജനാർദ്ദനൻ  നായരുടെ സ്കൂൾ വിദ്യാഭ്യാസം ചാല ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിലായിരുന്നു. അതിനുശേഷം ബി എയും എൽ എൽ ബിയും പാസ്സായി. തിരുവനന്തപുരം ലോ കോളേജിൽ നിന്നാണ് അദ്ദേഹം എൽ എൽ ബി കഴിഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കി.

വിദ്യാഭ്യാസത്തിനുശേഷം ജനാർദ്ദനൻ നായർ പ്രൊവിഡന്റ്ഫണ്ട് ഓഫീസിൽ  ഉദ്യോഗസ്ഥനായി കുറച്ചുകാലം ജോലിചെയ്തു. പിന്നീട് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയായി. ആകാശവാണിയിൽ ജോലിചെയ്തിരുന്ന കാലത്ത് ജനാർദ്ദനൻ നായർ നാടക പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം നാടകവേദി എന്ന ഡ്രാമ ക്ലബ്ബിൽ അംഗത്വമെടുത്ത അദ്ദേഹം, പിന്നിട് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് നാടക പഠനം തുടങ്ങി. പഠനകാലത്ത് അദ്ദേഹം അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളടക്കം പല നാടകങ്ങളിലും അഭിനയിച്ചു തന്റെ അഭിനയ പാടവം പ്രദർശിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത "മിത്ത്" എന്ന ലഘുചിത്രമാണ്  കരമനയുടെ ആദ്യ സിനിമ. അതേത്തുടർന്ന്  1969 ൽ ഉറങ്ങാത്ത സുന്ദരി എന്ന സിനിമയിലഭിനയിച്ചുകൊണ്ട്  കരമന ജനാർദ്ദനൻ നായർ മുഴുവൻസമയ അഭിനേതാവായിതീർന്നു . അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. സ്വയംവരം,എലിപ്പത്തായം,മുഖാമുഖം,മതിലുകൾ എന്നീ അടൂർ ഗോപാലകൃഷ്ണൻ സിനിമകളിൽ കരമന ജനാർദ്ദനൻ നായർ അഭിനയിച്ചിട്ടുണ്ട്. എലിപ്പത്തായത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് കരമന ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.

കരമന ജനാർദ്ദനൻ നായർ 1980 - 2000 കാലത്ത് ധാരാളം സിനിമകളിൽ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒഴിവുകാലം, വെള്ളാനകളുടെ നാട്, ധ്വനി.... തുടങ്ങിയ സിനിമകളിൽ അദ്ദേഹം മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചു. പൊന്മുട്ടയിടുന്ന താറാവിലെ കരമനയുടെ ഹാജിയാർ വേഷം വളരെ പ്രേക്ഷക പ്രീതിനേടിയ  ഒന്നായിരുന്നു. 200ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ൽ പുറത്തിറങ്ങിയ എഫ് ഐ ആർ എന്ന ചിത്രത്തിലാണ് കരമന അവസാനമായി അഭിനയിച്ചത്. 2000 ഏപ്രിൽ24ന് കരമന ജനാർദ്ദനൻ നായർ അന്തരിച്ചു.

കരമന ജനാർദ്ദനൻ നായരുടെ ഭാര്യ- ജയ ജെ നായർ. മക്കൾ- സുധീർ കരമന, സുനിൽ കരമന, സുജയ് കരമന. സുധീർ കരമന ചലച്ചിത്രതാരമാണ്.