വേണു പുത്തലത്ത്
കോഴിക്കോട് ജില്ലയിലെ പുത്തലത്ത് സ്വദേശിയാണ് വേണു. മലബാർ ക്രിസ്ത്യൻ കോളേജിൽ ബിരുദവിദ്യാർഥിയായിരിക്കെ ഐ.വി. ശശിയുടെ ‘അവളുടെ രാവുകളി’ൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി. ആ ചിത്രത്തിൽ നടൻ സുകുമാരൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തുക്കളിലൊരാളായി ചെറിയൊരു വേഷമായിരുന്നു. ഛായാഗ്രാഹകൻ രാമചന്ദ്രമേനോന്റെ മകൾ മായാ മേനോൻ വേണുവിന്റെ സഹപാഠിയായിരുന്നു. അവരുടെ ശുപാർശയിലാണ് ആദ്യഅവസരം കൈവന്നത്. മലബാർ ക്രിസ്ത്യൻ കോളേജിലെ നാടകങ്ങളിൽ മൂന്നുവർഷം തുടർച്ചയായി മികച്ച നടനായിരുന്നു. സിനിമയിൽ മുഖം കാണിച്ചതോടെ അഭിനയത്തോടുള്ള കമ്പം വർദ്ധിക്കുകയും അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോവുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയത്തിന്റെ പ്രായോഗികപരിശീലനങ്ങളിൽ മിക്കപ്പോഴും ഒന്നാമനായിരുന്നു. പഠനത്തിനുശേഷം തിരിച്ചെത്തിയ വേണു വീണ്ടും ഏതാനും മലയാളസിനിമകളിൽ അഭിനയിച്ചു. വാണിജ്യവിജയം നേടിയ പല മുഖ്യധാരാചിത്രങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞു. ദൂരദർശനുവേണ്ടി മധുമോഹൻ ചെയ്ത ‘മായാജാല’മെന്ന പരമ്പരയിലും വേഷമിട്ടു. ഇടക്കാലത്ത് സെയിൽസ് റപ്രസന്റേറ്റിവായും ജോലി ചെയ്തു.
നിലവിൽ കോഴിക്കോട് കക്കോടി ചെറുകുളത്താണ് താമസം. ഭാര്യ ശ്രീജയ.