മഹേഷ്

Mahesh

മലയാള ചലച്ചിത്ര നടൻ. ആഫ്രിയ്ക്കൻ രാജ്യമായ ടാൻസാനിയയിലാണ് മഹേഷ് ജനിച്ചത്. തിരുവനന്തപുരം സ്വദേശികളായിരുന്ന പി കെ പത്മനാഭൻ നായരും പത്മകുമാരിയുമായിരുന്നു മാതാപിതാക്കൾ. തിരുവനന്തപുരം സ്വദേശികളായിരുന്ന അവർ പത്മനാഭൻ നായരുടെ ജോലി ആവശ്യാർത്ഥം ടാൻസാനിയയിൽ താമസിയ്ക്കുകയായിരുന്നു. കുറച്ചു വർഷങ്ങൾക്കുശേഷം അവർ കേരളത്തിലേയ്ക്ക് തിരിച്ചുപോന്നു. ആലപ്പുഴയിൽ ഉദയ സ്റ്റുഡിയോക്കടുത്ത് വീടെടുത്ത് താമസം തുടങ്ങി. ഉദയ സ്റ്റുഡിയോക്കടുത്തുള്ള താമസം മഹേഷിന് കുട്ടിക്കാലത്തുതന്നെ സിനിമയോട് താത്പര്യം തോന്നുവാൻ കാരണമായി. മഹേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. അദ്ദേഹം ഡിഗ്രി കഴിഞ്ഞത് ആലപ്പുഴ സനാതനധർമ്മ കോളേജിൽ നിന്നായിരുന്നു. മഹേഷിന് 11 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു.

ജെ ശശികുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മഹേഷിന്റെ സിനിമയിലെ തുടക്കം. വിവിധ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായി പതിനാറോളം സിനിമകളിൽ മഹേഷ് പ്രവർത്തിച്ചു. പിന്നീട് മഹേഷ് 1989-ൽ മുദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് തിരിഞ്ഞു. തുടർന്ന് മൃഗയ,സദയം,വ്യൂഹം... തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിമാറി. 1990-കളിൽ മഹേഷ് സിനിമ വിട്ട് അമേരിയ്ക്കയിൽ പോയി അവിടെ കുറച്ചുകാലം ജോലി ചെയ്തു. 2006-ൽ അമേരിക്കയിൽ നിന്നും തിരിച്ചുവന്ന അദ്ദേഹം 2008-ൽ പൃഥ്വിരാജിനെ നായകനാക്കി കലണ്ടർ എന്ന സിനിമ സംവിധാനം ചെയ്തു. പിന്നീട് ജയരാജ് സംവിധാനം ചെയ്ത അശ്വാരൂഡൻ എന്ന സിനിമയ്ക്ക് കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചു. മലയാളം കൂടാതെ തമിഴ്,ഹിന്ദി സിനിമകൾ ഉൾപ്പെടെ എഴുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ധാരാളം സീരിയലുകളിലും മഹേഷ് അഭിനയിച്ചു. ഇപ്പോൾ അദ്ദേഹം സീരിയലുകളിലാണ് കൂടുതൽ അഭിനയിക്കുന്നത്.

മഹേഷിന്റെ ഭാര്യയുടെ പേര് ഹേമ. രണ്ടുമക്കളാണ് മഹേഷ് - ഹേമ ദമ്പതികൾക്കുള്ളത്- മാളവിക, മേഘ്ന.