സുന്ദർ പാണ്ഡ്യൻ
എറണാംകുളം തൃപ്പൂണിത്തറ സ്വദേശിയാണ് സുന്ദർപാണ്ഡ്യൻ. പഠിയ്ക്കുന്ന കാലത്ത് തന്നെ അഭിനയമോഹവുമായി അദ്ദേഹം പല ഓഡിഷനുകളിലും പങ്കെടുക്കുകയും സിനിമാപ്രവർത്തകരുമായി സൗഹൃദം സ്ഥാപിയ്ക്കുകയും ചെയ്തിരുന്നു. ഒരു ഫിലിമിന്റെ പൂജാചടങ്ങിൽ വെച്ച് സംവിധായകൻ ജിത്തു ജോസഫിനെ പരിചയപ്പെടാനിടയായതാണ് സുന്ദർ പാണ്ഡ്യന് സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരമൊരുക്കിയത്. 2007 -ൽ ജിത്തു ജോസഫ് തന്റെ ഡിറ്റക്ടീവ് എന്ന ചിത്രത്തിൽ സുന്ദർ പാണ്ഡ്യന് ഒരു വേഷം കൊടുത്തു. ആവർഷം തന്നെ ഓഡിഷൻ വഴി അമൽനീരദ് ചിത്രമായ ബിഗ് ബി -യിൽ അഭിനയിക്കുവാനുള്ള അവസരം ലഭിയ്കുകയും ചെയ്തു.
തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ സുന്ദർ പാണ്ഡ്യൻ അവതരിപ്പിച്ചു. ഇയ്യോബിന്റെ പുസ്തകം, റോബിൻഹുഡ്, ശിക്കാർ, സെക്കന്റ് ഷോ, കാറ്റ്, ഇര, വരത്തൻ, തീവണ്ടി, ക്വീൻ, വൺ എന്നിവയുൾപ്പെടെ എഴുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. കാറ്റ്, ക്വീൻ, ഇര എന്നീ ചിത്രങ്ങളിലെ സുന്ദർ പാണ്ഡ്യന്റെ അഭിനയം ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.
വിവാഹിതനായ സുന്ദർ പാണ്ഡ്യന് ഒരു മകനുണ്ട്.