ചന്ദ്രേട്ടൻ എവിടെയാ
ചന്ദ്രമോഹന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പെറ്റീഷന്‍ കമ്മിറ്റിയിലെ ജോലിക്കാരനാണ്. ഭാര്യ സുഷമ തൃശ്ശൂരില്‍ ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥ. ഏക മകന്‍ അച്ചു. സുഷമ തൃശ്ശൂരായതിനാൽ ചന്ദ്രമോഹന്‍ തിരുവനന്തപുരത്ത് ബാച്ചിലര്‍ ലൈഫ് ആഘോഷിക്കുകയാണ്. എപ്പോഴും പ്രണയമനസ്സുമായി കഴിയുന്ന പ്രായമുള്ള ശേഖരേട്ടന്‍, ജ്യോതിഷി ബ്രഹ്മശ്രീ നാരായണ ഇളയത്, സുമേഷ് എന്നിവരാണ് ചന്ദ്രമോഹന്റെ സുഹ്രുത്തുക്കൾ. നാട്ടിലെത്തുന്ന ചന്ദ്രേട്ടൻ കുടുംബമായി തഞ്ചാവൂരിലേക്ക് ഒരു യാത്ര പോകുന്നു. ആ യാത്രക്കിടയിൽ ഒരു നാഡീ ജോതിഷിയുടെ അടുത്തെത്തുന്ന അവർ ചന്ദ്രന്റെ പൂർവ്വ ജന്മത്തെക്കുറിച്ച് അയാളുടെ ഓലയിൽ നിന്നും അറിയുന്നു. കഴിഞ്ഞ ജന്മത്തിൽ ചോളരാജ്യത്തെ വേൽക്കൊഴുപ്പൊട്ടുവൻ എന്ന കവിയായിരുന്ന ചന്ദ്രമോഹനെ തേടി ആ ജന്മത്തിലെ കാമുകി വസന്തമല്ലിക എത്തുമെന്ന് അയാൾ പറയുന്നു. അത് കേൾക്കുന്നതോടെ സുഷമക്ക് ചന്ദ്രനെ സംശയമാകുന്നു. ഈ കഥ സുഹ്രുത്തുക്കളോട് പറയുന്ന ചന്ദ്രനെ അവർ ആശയക്കുഴപ്പത്തിലാക്കുന്നു. പിന്നീട് ഒരിക്കല്‍ ഒരു പരാതിയെ സംബന്ധിച്ച സംസാരിക്കാനായി ഗീതാഞ്ജലി എന്നൊരു ഒരു പെണ്‍കുട്ടി ചന്ദ്രമോഹന്റെ അടുക്കലെത്തുന്നു. ആ വരവ് ചന്ദ്രമോഹന്റെ വ്യക്തിജീവിതത്തില്‍ മാത്രമല്ല, ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
സിദ്ധാർത്ഥ് ഭരതൻ 'നിദ്ര' സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'ചന്ദ്രേട്ടൻ എവിടെയാ'. ഹാൻഡ് മെയ്‌ഡ് ഫിലിംസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ഛായാഗ്രാഹകരായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ വേദിക, അനുശ്രീ , കെ പി എ സി ലളിത, പ്രതാപ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.