നമിത പ്രമോദ്

Namitha Pramod

മലയാള ചലച്ചിത്ര നടി. 1996 സെപ്റ്റംബർ 19-ന് പ്രമോദിന്റെയും ഇന്ദുവിന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കന്റരി സ്കൂളിലായിരുന്നു നമിത പഠിച്ചത്. സെന്റ് തെരേസാസ് കോളേജിൽ നിന്നും സോഷ്യോളജിയിൽ ഡിഗ്രി കഴിഞ്ഞു. നമിത ഏഴാംക്ലാസിൽ പഠിയ്ക്കുമ്പോൾ ബാലതാരമായി സീരിയലിൽ അഭിനയിച്ചു തുടങ്ങി. "വേളാങ്കണ്ണി മാതാവ്" എന്ന സീരിയലിൽ മാതാവായും, "അമ്മേ ദേവി" എന്ന സീരിയലിൽ ദേവിയായും അഭിനയിച്ചു. തുടർന്ന് "മാനസപുത്രി" എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 

നമിതയുടെ ആദ്യ സിനിമ രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011- ൽ റിലീസായ ട്രാഫിക് ആയിരുന്നു. റഹ്മാന്റെയും ലനയുടെയും മകളായിട്ടായിരുന്നു അഭിനയിച്ചത്. 2012- ൽ സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി. തുടർന്ന് സൗണ്ട് തോമ എന്ന ചിത്രത്തിൽ ദിലീപിന്റെയും, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെയും നായികയായി നമിത അഭിനയിച്ചു. 2013 കഴിഞ്ഞപ്പോളേയ്ക്കും നമിത പ്രമോദ് മലയാള സിനിമയിലെ മുൻ നിര നായികയായി മാറി. 2014- ൽ ലാൽ ജോസ് ചിത്രമായ വിക്രമാദിത്യനിൽ ദുൽഖർ സൽമാന്റെയും, ഉണ്ണി മുകുന്ദന്റെയും നായികയായി അഭിനയിച്ചു. വില്ലാളി വീരൻ, ലൊ പോയിന്റ്, ഓർമ്മയുണ്ടൊ ഈ മുഖം എന്നീ സിനിമകളിലും ആ വർഷം നമിത നായികയായി.

 2014- ൽ En Kaadhal Pudhithu എന്ന തമിഴ് ചിത്രത്തിലും നായികയായി അഭിനയിച്ചു. 2015- ൽ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ നമിതയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സിനുള്ള ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ആ വർഷം തന്നെ നാദിർഷ സംവിധാനം ചെയ്ത അമർ,അക്ബർ,അന്തോണി എന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരുടെ നായികയായി. Chuttalabbai, Kathalo Rajakumari എന്നീ തെലുങ്കു സിനിമകളിൽ നമിത പ്രമോദ് നായികയായി അഭിനയിച്ചിട്ടുണ്ട്. 2018- ൽ പ്രിയദർശൻ സംവിധാനം ചെയ്ത Nimir എന്ന തമിഴ് ചിത്രത്തിലും നായികയായി അഭിനയിച്ചു.