മാതു

Mathu

തെന്നിന്ത്യൻ ചലച്ചിത്ര നടി.  ആന്ധ്ര സ്വദേശിനിയാണ് മാതു. വെങ്കട് റാവുവും ശാന്തമ്മയുമാണ് മാതാപിതാക്കൾ. മാധവി എന്നായിരുന്നു യഥാർത്ഥ നാമം. 1977- ലാണ് സനാദി അപ്പണ്ണ എന്ന കന്നഡ സിനിമയിൽ ബാലതാരമായി അഭിനയം തുടങ്ങുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനുതന്നെ മികച്ചബാലതാരത്തിനുള്ള കർണ്ണാടക സർക്കാറിന്റെ അവാർഡ് ലഭിച്ചു. പിന്നീട് രജനീകാന്തിനൊപ്പം ഭൈരവി  എന്ന ചിത്രത്തിൽ ബാലതാരമായി. തുടർന്ന് നീയാ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.   പിന്നീട് പത്ത് വർഷത്തിനു ശേഷം കോവിൽ മണി ഓസൈ എന്ന ചിത്രത്തിലൂടെ മാതു അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു.

 ഒന്നു രണ്ടു തമിഴ് സിനിമകളിൽ കൂടി അഭിനയിച്ചതിനുശേഷമാണ് മാതു മലയാള സിനിമയിലേയ്ക്കെത്തുന്നത്. 1989- ൽ ഇറങ്ങിയ പൂരം ആയിരുന്നു മാതുവിന്റെ ആദ്യ ചിത്രം. നെടുമുടിവേണു സംവിധാനം ചെയ്ത സിനിമയായിരുന്നു "പൂരം". മാധവി എന്ന പേര് മാറ്റി മാതു എന്നാക്കിയത് നെടുമുടിവേണുവായിരുന്നു. അതിനുശേഷം മമ്മൂട്ടിയോടൊപ്പം കുട്ടേട്ടൻ, അമരം എന്നീ സിനിമകളിൽ അഭിനയിച്ചു. അമരത്തിൽ മമ്മൂട്ടിയുടെ മകളായിട്ടുള്ള മാതുവിന്റെ വേഷമാണ് മാതുവിനെ പ്രശസ്ഥയാക്കിയത്. വളരെയധികം പ്രേക്ഷകപ്രീതി നേടിയ വേഷമായിരുന്നു അമരത്തിലേത്. മോഹൻലാലിനോടൊപ്പം സദയം എന്ന എം ടി ചിത്രത്തിൽ മാതു അഭിനയിച്ചു. തൊണ്ണൂറുകളിൽ തിരക്കുള്ള നടിയായിരുന്നു മാതു അറുപതോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഡോക്ടർ ജേക്കബ് എന്നയാളെ വിവാഹം ചെയ്ത് സിനിമാഭിനയം നിർത്തിയ മാതു അമേരിയ്ക്കയിലേയ്ക്ക് പോയി അവിടെ താമസമായി. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. മകൾ ജെയ്മി, മകൻ ലൂക്ക്. 2014-ൽ ജേക്കബിൽ നിന്നും വിവാഹമോചനം നേടിയ മാതു അമേരിയ്ക്കയിൽ ഡോക്ടറായ അൻപളകൻ ജോർജ്ജിനെ വിവാഹം ചെയ്തു.  2019-ൽ അനിയൻ കുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ മാതു അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു.