കോഴിക്കോട് നാരായണൻ നായർ

Kozhikkod Narayanan Nair

മലയാള ചലച്ചിത്ര - നാടക നടൻ. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിനടുത്തുള്ള കൊടൽ നടക്കാവ് എന്ന ഗ്രാമത്തിൽ ജനിച്ചു. കോഴിക്കോട് നാരായണൻ നായർ നാടകങ്ങളിലൂടെയാണ് തന്റെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. ധാരാളം നാടകവേദികളിൽ തന്റെ കഴിവുതെളിയിച്ചതിനുശേഷമാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്.

  1971 ൽ ആഭിജാത്യം എന്ന സിനിമയിലാണ് നാരായണൻ നായർ ആദ്യമായി അഭിനയിയ്ക്കുന്നത്. വില്ലൻ വേഷങ്ങളിലാണ്  നാരായണൻ നായർ ആദ്യം അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് കോമഡി റോളുകളിലേയ്ക്കും, കാരക്ടർ റോളുകളിലേയ്ക്കും മാറി. കാരണവർ വേഷങ്ങളിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായതും പ്രേക്ഷക പ്രീതിനേടിയതും. നൂറിലധികം സിനിമകളിൽ നാരയണൻ നായർ അഭിനയിച്ചിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന്, ഭരതം, വാത്സല്യം,പട്ടാഭിഷേകം,ഹിറ്റ്ലർ... തുടങ്ങിയവയിലെ വേഷങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടവയാണ്. നാടകവും സിനിമയും കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.