ജി ശങ്കരക്കുറുപ്പ്
എറണാകുളം ജില്ലയിലെ കാലടിയിൽ നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി ജനിച്ചു. അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന ശങ്കരക്കുറുപ്പ് തന്റെ മൂന്നാം വയസിൽ തന്നെ സംസ്കൃതത്തിലെ ആദ്യ പാഠങ്ങളും രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവനിൽ നിന്ന് പഠിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായി. അതിനുശേഷം മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിയിൽ ചേർന്ന് പഠിച്ച് പണ്ഡിത പരീക്ഷയും വിദ്വാൻ പരീക്ഷയും പാസാവുകയും തന്റെ പതിനേഴാമത്തെ വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിയ്കുകയും ചെയ്തു. പിന്നീട് 1937 -ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1956 -ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും അദ്ദേഹം വിരമിച്ചു.
കവിതാസമാഹാരങ്ങളായ പെരുന്തച്ചൻ, സൂര്യകാന്തി, നിമിഷം, ഓടക്കുഴൽ, പഥികന്റെ പാട്ട്, വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, സാഹിത്യകൗതുകം, പൂജാപുഷ്പം. ഉപന്യാസങ്ങളായ ഗദ്യോപഹാരം, മുത്തും ചിപ്പിയും. ആത്മകഥയായ ഓർമ്മയുടെ ഓളങ്ങളിൽ. തർജ്ജമകളായ മേഘച്ഛായ (കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം), ഗീതാഞ്ജലി (ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം), വിലാസലഹരി (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം). ജീവചരിത്രങ്ങളായ ടിപ്പു, ഹൈദരാലി. ബാല കവിതാ സമാഹാരങ്ങളായ ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ, ഇളംചുണ്ടുകൾ, വാർമഴവില്ലേ എന്നിവയാണ് ജി. ശങ്കരക്കുറുപ്പിന്റെ കൃതികൾ.
1962 മുതൽ 1972 വരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തതനുസരിച്ച് രാജ്യസഭാംഗമായ അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1965 -ല്‍ ഓടക്കുഴല്‍ എന്ന കൃതിക്ക് ആദ്യത്തെ ജ്ഞാനപീഠം അവാർഡ് ജി.ശങ്കരക്കുറുപ്പിന് ലഭിക്കുകയുണ്ടായി. കൂടാതെ പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിങ്ങനെയുള്ള അനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1948 -ൽ റിലീസ് ചെയ്ത നിർമ്മല എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങളെഴുതിക്കൊണ്ടാണ് ശങ്കരക്കുറുപ്പ് ചലച്ചിത്ര ഗാനരചന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അഭയം ഉൾപ്പെടെ ആറ് സിനിമകൾക്ക് കൂടി അദ്ദേഹത്തിന്റെ കവിതകൾ പ്രഗത്ഭരായ സംഗീത സംവിധായകരുടെ സംഗീതത്തിൽ ചലച്ചിത്രഗാനങ്ങളായി മാറി.
ജി.ശങ്കരക്കുറുപ്പിന്റെ ഭാര്യ സുഭദ്ര അമ്മ. മക്കൾ രവീന്ദ്രനാഥ്, രാധ. 1978 ഫെബ്രുവരിയിൽ ജി,ശങ്കരക്കുറുപ്പ് അന്തരിച്ചു.