ടി കെ ഗോവിന്ദറാവു
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രഗാന പിന്നണി ഗായകനാണ് ടി കെ ഗോവിന്ദറാവു.കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ ടി കെ ഗോവിന്ദറാവു 1948 ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിനു വേണ്ടീ ജി ശങ്കരക്കുറുപ്പിന്റെ "ശുഭലീല " എന്ന ഗാനം ആലപിച്ചപ്പോൾ അത് മലയാള ചലച്ചിത്രഗാനശാഖക്ക് പുതിയൊരു വഴിത്തിരുവ് ആവുകയായിരുന്നു. അത്രനാളും അഭിനയിക്കുന്ന നടീനടന്മാർ തന്നെ ഗാനങ്ങളും സംഭാഷണങ്ങളും ചെയ്തിരുന്നത് മാറി ഗായകനെ പിന്നണിയിലേക്ക് പ്രതിഷ്ഠിക്കുന്ന ഒരു സുപ്രധാന മാറ്റമാണ് അവിടെ നടന്നത്.മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകനായ ഗോവിന്ദറാവു പിന്നീട് ചലച്ചിത്രങ്ങളിൽ പാടിയില്ല.പകരം മദ്രാസിലെത്തി അക്കാലത്ത് ശാസ്ത്രീയസംഗീതജ്ഞരിൽ അഗ്രഗണ്യരിലൊരാളായിരുന്ന മുസിരി സുബ്രമഹ്ണ്യരുടെ കീഴിൽ ഉപരിപഠനം നടത്തുകയായിരുന്നു.
സംഗീതത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ശേഷം ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായും പ്രവർത്തിച്ചു.പുരന്ദരദാസ കൃതികളുടെ തന്മയത്വമായ ആലാപനം ആ മേഖലയിൽ ഗോവിന്ദ റാവുവിനെ പ്രഗൽഭനാക്കുകയും പിന്നീട് കേന്ദ്ര ആകാശവാണി ഡെൽഹി,ചെന്നൈ ഡിവിഷനുകളിൽ മുഖ്യസംഗീത ശിൽപ്പിയായി ജോലി നോക്കുകയും ചെയ്തു.1994ൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും സംഗീതത്തിനു വേണ്ടി മാറ്റിവച്ചു.കേന്ദ്ര സംഗീതനാടക അക്കാഡമി അവാർഡും സംഗീത കലാനിധി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.മദ്രാസ് മ്യൂസിക്ക് അക്കാഡമി,കേന്ദ്രസംഗീതനാടക അക്കാഡമി ഉപദേശകാംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നീ എത്ര ധന്യ എന്ന ചിത്രത്തിൽ പാടിയ ആർ ഉഷ ഇദ്ദേഹത്തിന്റെ മകന്റെ ഭാര്യയാണ്.
ചെന്നൈയിലെ അഡയാറിൽ വച്ച് 2011 സെപ്റ്റംബർ 18ആം തിയതി അദ്ദേഹം തന്റെ 83 ആം വയസ്സിൽ അന്തരിച്ചു.
പ്രൊഫൈൽ ചിത്രം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്