ബാലചന്ദ്രൻ ചുള്ളിക്കാട്
മലയാള സാഹിത്യകാരൻ, ചലച്ചിത്ര നടൻ. 1957 ജൂലൈയിൽ എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. ആലുവ യു സി കോളേജ്, എറണാം കുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി അദ്ദേഹം ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം) അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987- ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. കോളേജ് പഠനകാലത്തുതന്നെ സാഹിത്യ പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നു. കവിതകൾ രചിച്ചും ചൊല്ലിയും ബാലചന്ദ്രൻ ആ കാലത്തുതന്നെ അറിയപ്പെടുന്ന കവിയായി തീർന്നിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാ സമാഹാരങ്ങളാണ് 18 കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള, അദ്ദേഹത്തിന്റെ എല്ലാകവിതകളുടെയും സമാഹാരമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ സമ്പൂർണ്ണ സമാഹാരം.. എന്നിവ. ബാലചന്ദ്രൻ ചുള്ളിക്കാട് രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി സാഹിത്യസാംസ്ക്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ബാലചന്ദ്രൻ ചുള്ളിക്കാട് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചുതുടങ്ങുന്നത്. 1982- ലാണ്. അരവിന്ദൻ സംവിധാനം ചെയ്ത പോക്കുവെയിൽ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. ആ സിനിമയുടെ സംഗീത സംവിധാനവും ഗാനരചനയും ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെയായിരുന്നു. 1987- ൽ മരിയ്ക്കുന്നില്ല ഞാൻ എന്ന സിനിമയിൽ നായകനായി. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. ഇടനാഴിയിൽ ഒരു കാലൊച്ച, ജാലകം, ഊഴം, ഒരുക്കം എന്നീ സിനിമകളുടെ കഥ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയായിരുന്നു. ഊഴം, ജാലകം എന്നീ സിനിമകൾക്ക് തിരക്കഥയും ചുള്ളിക്കാട് തന്നെയായിരുന്നു. പോക്കുവെയിൽ, എഴുതാപ്പുറങ്ങൾ എന്നീ സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പത്തോളം സിനിമകളിൽ ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്. അഞ്ച് സിനിമകളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. സിനിമകൾ കൂടാതെ നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.
National Film Award for Best Non-Feature Film Narration / Voice Over (Non Feature Film Category) for The 18 Elephants – 3 Monologues