അൻവർ റഷീദ്
സംവിധായകൻ -കൊല്ലം പാരിപ്പള്ളി,കല്ലുവാതുക്കൽ സ്വദേശി.1976 -ൽ ജനനം.കുടുംബത്തോടൊപ്പം എറണാകുളത്ത് താമസമാക്കിയ അൻവർ മഹാരാജാസ് കോളേജിലെ ബിരുദപഠനത്തോടെയാണ് സിനിമയിലേക്ക് കൂടുതൽ ആകർഷിതനായത്. അമൽ നീരദ്, വിനോദ് വിജയൻ തുടങ്ങിയ സഹപാഠികളൊപ്പം സിനിമാ മോഹികളുടെ ഒരു സംഘം തന്നെ കോളേജിൽ രൂപപ്പെട്ടിരുന്നെങ്കിലും ബിരുദത്തിനു ശേഷം പിതാവിന്റെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ചെന്നൈയിലേക്ക് താമസം മാറി, ചെന്നൈയിലെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോഴാണ് കഥാകൃത്തും-സംവിധായകനുമായ രഘുനാഥ് പലേരിയുടെ “വിസ്മയത്തിൽ (1998)” അസിസ്റ്റ് ചെയ്യുന്നത്. തുടർന്ന് കെ.മധു , ജോണി ആന്റണി, താഹ, സുന്ദർദാസ്, എ കെ സാജൻ എന്നീ സംവിധായകരുടെ അസിസ്റ്റൻഡ് സംവിധായകനായി പ്രവർത്തിച്ചു.
2005ൽ പുറത്തിറങ്ങിയ രാജമാണിക്യത്തോടെയാണ് അൻവർ സ്വതന്ത്രസംവിധായകനായി രംഗത്തെത്തുന്നത്. റംസാൻ മുന്നിൽക്കണ്ട് പദ്ധതിയിട്ട “രാജമാണിക്യ"ത്തിന്റെ സംവിധാനത്തിൽ നിന്ന് സംവിധായകൻ രഞ്ജിത്ത് അസൗകര്യങ്ങൾ നിമിത്തം പിന്മാറുകയും മമ്മൂട്ടിയോട് അൻവറിന്റെ പേര് നിർദ്ദേശിക്കുന്നതോടെയുമാണ് അപ്രതീക്ഷിതമായി സ്വതന്ത്രസംവിധായകനെന്ന പദവിയിലേക്ക് അൻവർ കടന്നു വരുന്നത്. ടി.എ ഷഹീദിന്റെ തിരക്കഥയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അൻവർ ചിത്രം പൂർത്തിയാക്കുകയായിരുന്നു. 2005ലെ ഏറ്റവും ഹിറ്റ് ചിത്രമായി “രാജമാണിക്യ"ത്തെ പുറത്തെത്തിക്കുവാൻ കഴിഞ്ഞത് അൻവർ എന്ന സംവിധായകനെ ഏറെ ശ്രദ്ധേയനാക്കി മാറ്റി. തുടർന്ന് മോഹൻലാലുമൊത്ത് “ഛോട്ടാ മുംബൈ”,മമ്മൂട്ടിയുടെ “അണ്ണൻതമ്പി” എന്നീ ചിത്രങ്ങൾ പുറത്തിറക്കിയെങ്കിലും കേരളകഫൈയിലെ “ബ്രിഡ്ജ്” എന്ന ചിത്രം സംവിധാനം ചെയ്യുന്നതോടെയാണ് അൻവറിന്റെ സംവിധാന മികവിനെ ക്രിട്ടിക്കുകൾ പോലും പരാമർശവിധേയമാക്കുന്നത്.നല്ല തിരക്കഥകൾ തേടി നടന്ന് മൂന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അഞ്ജലി മേനോൻ തിരക്കഥയെഴുതിയ “ഉസ്താദ് ഹോട്ടൽ” എന്ന ചിത്രം 2012ൽ പുറത്തിറങ്ങിയത്.