ടി എ ഷാഹിദ്

T A Shahid
T A Shahid
Date of Death: 
Friday, 28 September, 2012
എഴുതിയ ഗാനങ്ങൾ: 3
കഥ: 9
സംഭാഷണം: 9
തിരക്കഥ: 10

മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്. 1971 നവംബറിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ടി എ ബാപ്പുവിന്റെയും വാഴയിൽ ഖദീജയുടെയും മകനായി ജനിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് സഹോദരനാണ്. കൊളത്തൂര്‍ എ എം എല്‍ പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജ്യേഷ്ഠൻ റസാഖിനെ പിന്തുടർന്ന് ഷാഹിദും സിനിമയിലെത്തി. 2003-ൽ വി എം വിനു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് ടി എ ഷാഹിദിന്റെ സിനിമയിലെ തുടക്കം.

വലിയ സാമ്പത്തിക വിജയം നേടിയ ബാലേട്ടൻ ഷാഹിദിന് പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് 2004-ൽ ജോഷി - മോഹൻലാൽ ചിത്രമായ മാമ്പഴക്കാലം, ഷാജി കൈലാസ് - മോഹൻലാൽ ചിത്രമായ നാട്ടുരാജാവ് എന്നിവയ്ക്കുവേണ്ടി തിരക്കഥ എഴുതി. 2005-ൽ അൻവർ റഷീദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന സിനിമയ്ക്കുവേണ്ടി കഥ,തിരക്കഥ, സംഭാഷണം രചിച്ചു. രാജമാണിക്യം മലയാളത്തിലെ വലിയ വിജയചിത്രങ്ങളിലൊന്നായ്ത്തീർന്നു.  എട്ട് സിനിമകൾക്ക് ടി എ ഷാഹിദ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിട്ടുണ്ട്. 2012-ൽ ഇറങ്ങിയ എം എൽ എ മണി പത്താംക്ലാസും ഗുസ്തിയും- ആണ് ടി  എ ഷാഹിദ് അവസാനം തിരക്കഥ രചിച്ച സിനിമ. 2012 സെപ്റ്റംബറിൽ കരൾ രോഗത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.

ടി എ ഷാഹിദിന്റെ ഭാര്യ ഷീജ. അവർക്ക് രണ്ടു മക്കളുണ്ട്.