അനു സിതാര
മലയാള ചലച്ചിത്ര നടി. 1995 ഓഗസ്റ്റ് 21 ന് സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര സിനിമയിലേക്ക് എത്തിച്ചേർന്നത്.
2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ-യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. 2016 ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ നായികാ പ്രാധന്യമുള്ള വേഷം ചെയ്തു. 2017 ൽ രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിൽ നായികയായി. 2018 ൽ ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ജയസൂര്യയുടെ ജോഡിയായി അഭിനയിച്ചു. രാമന്റെ ഏദൻ തോട്ടത്തിലേയും, ക്യാപ്റ്റനിലേയും അനു സിതാരയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. ഒരു കുട്ടനാടൻ ബ്ലോഗ്, ജോണി ജോണി യേസ്അപ്പാ, മാമാങ്കം.. എന്നിവയുൾപ്പെടെ ഇരുപത്തിഅഞ്ചോളം സിനിമകളിൽ അനു സിതാര അഭിനയിച്ചിട്ടുണ്ട്.
അനു സിതാരയുടെ വിവാഹം 2015ലായിരുന്നു. ഫാഷൻ ഫോട്ടോഗ്രാഫറായിരുന്ന വിഷ്ണുപ്രസാദിനെയാണ് വിവാഹം ചെയ്തത്. അഭിനയത്തോടൊപ്പം അനു സിതാര അമ്മ രേണുകയോടൊപ്പം കൽപ്പറ്റയിൽ നൃത്ത വിദ്യാലയം നടത്തിവരുന്നു.