വിനയ് ഫോർട്ട്
ഫോർട്ട് കൊച്ചി സ്വദേശി. യഥാർത്ഥ നാമം വിനയ് കുമാർ എം എം. എം.വി. മാണിയുടെയും സുജാതയുടെയും ഇളയ മകനായി ജനനം. സ്കൂള്‍ ജീവിതം കൊച്ചിയിലെ സെന്റ്ജോണി ബ്രിട്ടോ ബോയ്സ് സ്കൂളിലായിരുന്നു. നാലാം ക്ലാസുമുതല്‍ ബാലസംഘത്തില്‍ പ്രവർത്തിച്ചു. ഇടക്കൊച്ചി അക്വിനസ് കോളേജിൽ പ്രീഡിഗ്രി കഴിയും വരെ കലാരംഗത്ത് സജീവമായില്ല. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ലോകധര്‍മ്മി നാടകഗ്രൂപ്പുമായി ബന്ധപ്പെടുകയും നാടകത്തിൽ സജീവമാകുകയും ചെയ്തു. അഞ്ചു വര്‍ഷം ലോകധർമ്മി ഗ്രൂപ്പിൽ സജീവമായി നാടകം കളിച്ചു.
2004-06 ലെ ബെസ്റ്റ് സീനിയര്‍ തീയേറ്റര്‍ ആക്ടര്‍ക്കുള്ള നാഷണല്‍ സ്കോളര്‍ഷിപ്പ് കിട്ടി. പിജി ആദ്യ വര്‍ഷം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ച് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായിരുന്ന നിഷാന്‍ വഴിയാണ് 2009 ല്‍ ശ്യാമപ്രസാദിന്റെ ഋതുവിലെത്തുന്നത്. ഒരു രംഗത്ത് മാത്രം വരുന്ന ഒരു പ്രധാന കഥാപാത്രമായിരുന്നു ആ ചിത്രത്തിൽ. ആദ്യം അതു വേണ്ട എന്നു വച്ചെങ്കിലും അമ്മയുടെ നിർദ്ദേശപ്രകാരം ആ റോൾ ചെയ്തു. ആദ്യ ബ്രേക്ക് ലഭിച്ചത് സിബി മലയിലിന്റെ അപൂര്വരാഗത്തിലെ വേഷമാണ്. ഷട്ടറിലെ ഓട്ടോക്കാരൻ സുരന്, പ്രഭുവിന്റെ മക്കളിലെ വേഷം, പ്രേമത്തിലെ പ്രൊഫസര്‍ വിമല്‍, കിസ്മത്തിലെ എസ് ഐ അജയ് മേനോന് തുടങ്ങിയവ ജനശ്രദ്ധ നേടി.
ഭാര്യ സൗമ്യ രവി, മകൻ വിഹാൻ