രാജലക്ഷ്മി

Rajalakshmy(Singer)
Rajalakshmi - Singer
രാജലക്ഷ്മി അഭിറാം
ആലപിച്ച ഗാനങ്ങൾ: 39

എറണാകുളം സ്വദേശിയായ രാജലക്ഷ്മി തന്റെ ഒമ്പതാം വയസ്സിൽത്തന്നെ ഗാനമേളകളിൽ സജീവമായിരുന്നു.ആയിരത്തിലധികം സംഗീത ആൽബങ്ങളിൽപ്പാടി. താൻസെൻ മ്യൂസിക്, കൊച്ചിൻ കലാഭവൻ, കൊച്ചിൻ മെലഡീസ് എന്ന് തുടങ്ങിയ സംഗീത ട്രൂപ്പുകളിൽ പാടി. ദൂരദർശനിലെ ഹംസധ്വനി എന്ന സംഗീത പരിപാടിയാണ് രാജലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. പാട്ടിന്റെ വേറിട്ട വഴികളിൽ പ്രതിഭയുടെ തിളക്കവുമായാണ് രാജലക്ഷ്മി സിനിമാ ലോകത്തെത്തിയത്. 2004 ഇൽ മികച്ച ഗായികക്കുള്ള സംസ്ഥാന നാടക അവാർഡ് “ നേരറിയും നേരത്ത്” എന്ന നാടകത്തിലെ “അച്ഛന്റെ പൊൻ മണി മുത്തുറങ്ങ്” എന്ന താരാട്ടുപാട്ടിലൂടെ രാജലക്ഷ്മി കരസ്ഥമാക്കി. സ്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു രാജലക്ഷ്മി. സംഗീത സംവിധായകരായ ബേണി -ഇഗ്നേഷ്യസ് ടീമിനു വേണ്ടി ട്രാക്ക് പാടിക്കോണ്ടാണ് രാജലക്ഷ്മി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൻ കീഴിൽ “അശ്വാരൂഢൻ “ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണി ഗായികയായി രാജലക്ഷ്മിയുടേ അരങ്ങേറ്റം. “മേലെയായി മേഘം മങ്ങിയോ” എന്ന പാട്ട് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല എങ്കിലും ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാജി എൻ കരുണിന്റെ കുട്ടിസ്രാങ്കിലെ "മനമീ" എന്ന പാട്ടിന് രാജലക്ഷ്മിക്ക് ദേശീയ അവാർഡിന്റെ അവസാന റൗണ്ട് വരെ പരിഗണിച്ചിരുന്നു എന്നത് വാർത്തയായിരുന്നു.

എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലെ നല്ല മാമ്പൂ പാടം പൂത്തെടി പെണ്ണേ എന്ന ഗാനമാണു രാജലക്ഷ്മിക്ക് ഒരു ബ്രേക്ക് നൽകിയത്. ആനന്ദ് എന്ന പുതുമുഖ ഗായകനുമൊത്ത് പാടിയ ഈ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് “കഥ സംവിധാനം കുഞ്ചാക്കോ” എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം പാടിയ നീലക്കൂവള "മിഴി നീ പറയൂ" എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു. ജനകൻ എന്ന ചിത്രത്തിൽ പാടിയ "ഒളിച്ചിരുന്നേ" എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികക്കുള്ള അവാർഡ് ലഭ്യമായി.

തിരുവനന്തപുരം, കരകുളത്താണ് രാജലക്ഷ്മി ഭർത്താവ് അഭിരാം കൃഷ്ണനും മകൻ ആര്യനുമൊപ്പം താമസിക്കുന്നത്.