കെ ഉദയകൃഷ്ണ

Udaykrishna

എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ ബൈജു കൊട്ടാരക്കര, ബാലുകിരിയത്ത് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. അതിനുശേഷം 1997 -ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയ്ക്ക്  സിബി കെ തോമസിനോടൊപ്പം തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ഉദയ് കൃഷ്ണ തിരക്കഥാരചനയിലേയ്ക്ക് പ്രവേശിച്ചു. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം വർക്ക് ചെയ്തു.

തുടർന്ന് ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദരപുരുഷൻ, സി ഐ ഡി മൂസ, പുലിവാൽ കല്യാണം, വെട്ടം, ട്വന്റി 20. തുറുപ്പുഗുലാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, പോക്കിരി രാജ എന്നിവ ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളിൽ ചിലതാണ്. അവരുടെ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഉദയ് കൃഷ്ണ സ്വതന്ത്രമായി തിരക്കഥ, സംഭാഷണം എഴുതിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമാചരിത്രത്തിലെ റെക്കോഡ് കളക്ഷൻ നേടിയ പുലിമുരുകൻ ഉദയ് കൃഷ്ണയെ മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്താക്കി മാറ്റി. തുടർന്ന് മാസ്റ്റർപീസ്, ആറാട്ട് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം രചിച്ചു. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഉദയ് കൃഷ്ണ അവതാരം എന്ന സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാവുകയും ചെയ്തു.