രവി വള്ളത്തോൾ
മലയാള ചലച്ചിത്ര നടൻ. പ്രശസ്ത നാടകകൃത്ത് ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ് രവിവള്ളത്തോൾ. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ,കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ മഞ്ഞുപെയ്തു" എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത "വൈതരണി" എന്ന സീരിയലിലൂടെയാണ് അദ്ദേഹം അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ...എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ന്നല്ലൊരു എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്.
1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. അവർക്ക് കുട്ടികളില്ല. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി "തണൽ" എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.
2020 ഏപ്രിൽ 25- ന് രവി വള്ളത്തോൾ അന്തരിച്ചു.